വടക്കഞ്ചേരി: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് കൂടിയതോടെ നേന്ത്രക്കായയുടെ വില ഉയർന്നു. ഒരാഴ്ചമുന്പ് കിലോയ്ക്ക് 25 രൂപയായിരുന്ന നേന്ത്രക്കായയുടെ വില 36 രൂപയായി വർധിച്ചെന്ന് വിഎഫ്പിസികെയുടെ പാളയത്തെ കർഷക വിപണനകേന്ദ്രം പ്രസിഡന്റ് വട്ടംകണ്ടത്തിൽ ബിജു, ട്രഷറർ പുല്ലാട്ട് തോമസ് എന്നിവർ പറഞ്ഞു.
നേന്ത്രക്കായയുടെ ചില്ലറവില്പന വിലയും നേന്ത്രപ്പഴ വിലയും ഇതോടെ ഉയരും. തോന്നുംമട്ടിലാണ് ചില കടകളിൽ വിലകൂട്ടുന്നത്. കിലോയ്ക്ക് 36 രൂപ നിരക്കിൽ പച്ചക്കായ വാങ്ങി അത് പഴുപ്പിച്ച് കിലോയ്ക്ക് അന്പതും അന്പത്തഞ്ചും രൂപയ്ക്ക് വില്ക്കുന്ന വില്പനക്കാരുമുണ്ട്. നാടനെന്നു പറഞ്ഞ് വരവുകായയ്ക്കും ഇതേ വില വസൂലാക്കും.
നേന്ത്രക്കായ ചിപ്സിനായാണ് പച്ചക്കായ വാങ്ങുന്നത്. മിനിപന്പയെന്ന് അറിയപ്പെടുന്ന മംഗലംപാലം ഉൾപ്പെടെയുള്ള തീർഥാടക വിപണികൾ സജീവമായതാണ് നേന്ത്രക്കായ വിലകൂടാൻ കാരണമായിട്ടുള്ളത്.നാളികേരത്തിന്റെ സീസണ് ആയെങ്കിലും വിപണിയിൽ നാളികേര വരവു വളരെ കുറവാണ്.
വിലകൂടാൻ കർഷകർ കാത്തിരിക്കുന്നതാണ് നാളികേരക്ഷാമത്തിന് കാരണമെന്നും കണക്കൂകൂട്ടുന്നു. കിലോയ്ക്ക് മുപ്പതുരൂപയാണ് നാളികേരത്തിന്റെ ഇപ്പോഴത്തെ മൊത്തവിപണിവില.
പ്രളയത്തിനുശേഷം എറണാകുളം, ആലുവ മാർക്കറ്റുകളിൽനിന്നും ഓർഡറില്ലാത്തതിനാൽ ചേനയ്ക്ക് ഡിമാന്റില്ലാതായതായെന്ന് കർഷകവിപണി ഭാരവാഹികൾ പറയുന്നു. നല്ലകൂർക്കയും ഈവർഷം എത്തിയില്ല. പ്രളയത്തിൽ കൂർക്കകൃഷി നശിച്ചതാണ് കാരണം