മൂവാറ്റുപുഴ: ഓണം അടുത്തെത്തിയതോടെ വിപണിയിൽ ഏത്തക്കായ വില കുതിച്ചുയരുന്നു. കനത്തമഴയിൽ കൃഷിനാശം സംഭവിച്ചതു മൂലം അഭ്യന്തര ഉത്പാദനത്തിലുണ്ടായ കുറവാണ് വില ഉയരാൻ പ്രധാന കാരണം.
ഇന്നലെ മൂവാറ്റുപുഴ മാർക്കറ്റിൽ ഏത്തക്കുല കിലോയ്ക്ക് 55-60 തോതിലാണ് കർഷകരിൽനിന്നു വ്യാപാരികൾ വാങ്ങിയത്. പച്ചക്കായയുടെ വില വർധിച്ചതിനു ചുവടുപിടിച്ച് പഴത്തിനും വില വർധിച്ചിട്ടുണ്ട്.
നേന്ത്രപഴത്തിന് കിലോയ്ക്ക് 65-70 എന്ന നിലയിലാണ് ഇന്നലെ ചില്ലറ വിൽപ്പന നടന്നത്. ഓണത്തിന് ഉപ്പേരി, ശർക്കരവരട്ടി ഉൾപ്പെടെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ ചിപ്സ് നിർമാണ യൂണിറ്റുകൾ വൻതോതിൽ ഏത്തക്കായ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതും വില വർധനവിനു കാരണമായി.
സംസ്ഥാനത്തെ ഓണവിപണി ലക്ഷ്യമിട്ട് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ വൻ തോതിൽ കൃഷി നടത്തിവന്നിരുന്നു. എന്നാൽ കാലാവസ്ഥ ചതിച്ചതിനാൽ അവിടെയും ഉത്പാദനത്തിൽ കുറവുണ്ടായിട്ടുണ്ട്.
നേന്ത്രക്കായ വില വർധിച്ചതിനു പിന്നാലെ ഓണക്കാലത്തെ പ്രധാന വിഭവങ്ങളായ ഉപ്പേരി, ശർക്കരവരട്ടി എന്നിവയുടെ വിലയും ഇത്തവണ വർധിക്കാനുള്ള സാധ്യത കൂടുതലാണ്. കനത്തമഴയിൽ ഏത്തവാഴ കൃഷിക്ക് വ്യാപകനാശമാണ് സംഭവിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇക്കുറി മഴക്കൂടുതൽ മൂലം വളർച്ച കുറഞ്ഞ് യഥാസമയം വാഴ കുലയ്ക്കാതെ വന്നതും ഉത്പാദനക്കുറവിനു കാരണമായി. സംസ്ഥാനത്ത് കൂടുതൽ ഏത്തവാഴ കൃഷിയുള്ള വയനാട്, ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ കാറ്റിലും മഴയിലും ഹെക്ടർ കണക്കിനു സ്ഥലത്തെ കൃഷിയാണ് ഇത്തവണ നശിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിൽ വെള്ളപ്പൊക്കവും വെള്ളക്കെട്ടും കൃഷി നശിക്കുന്നതിനു മറ്റൊരു കാരണമായി.
തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്കെത്തിയിരുന്ന ഏത്തക്കായയുടെ വരവിലും ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. നിലവിൽ തേനി, കന്പം തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ഏത്തക്കായ കൂടുതലായി സംസ്ഥാനത്തെത്തുന്നത്.
നേന്ത്രക്കായയ്ക്കു മുന്പേ വെളിച്ചെണ്ണയ്ക്കും വില കൂടിയുരുന്നു. ഓണവിപണി ലക്ഷ്യമിട്ട് ജില്ലയിൽ ഏത്തയ്ക്കാ ചിപ്സ്, ശർക്കരപുരട്ടി തുടങ്ങിയവ ഉത്പാദനം ആരംഭിച്ച ചെറുകിട പലഹാര നിർമാണ യൂണിറ്റുകളെ വില വർധന സാരമായി ബാധിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുന്പ് കിലോഗ്രാമി നു 320 രൂപയായിരുന്ന ഉപ്പേരിയുടെ വില നിലവിൽ 380-ലേക്കും ശർക്കരവരട്ടിയുടെ വില 400-ൽനിന്നു 480 ലേക്കും ഉയർന്നു. ഓണം പടിവാതിൽക്കൽ എത്തിയതോടെ സംസ്ഥാനത്ത് ഏത്തക്കായ വില വരും ദിവസങ്ങളിൽ ഇനിയും ഉയരാനാണ് സാധ്യതയെന്നു വ്യാപാരികൾ പറയുന്നു.