പുതുക്കാട്: ഇന്ത്യയിൽ നിന്നും ആദ്യമായി യൂറോപ്പിലേക്ക് നേന്ത്രക്കായ കപ്പലിൽ കയറ്റി അയക്കുന്നു.
ഇത്തവണ വിഷുവിന് നാടൻ നേന്ത്രപ്പഴം കുറഞ്ഞവിലയിൽ ലണ്ടനിലിരുന്നും രുചിക്കാമെന്ന പ്രതീക്ഷയിലാണ് യൂറോപ്യൻ മലയാളികൾ.
പരീക്ഷണാടിസ്ഥാനത്തിൽ 10 ടണ്‍ നേന്ത്രക്കായയാണ് ലണ്ടൻ ഗേറ്റ് വേ തുറമുഖത്തിലേക്ക് കയറ്റി അയക്കുന്നത്.
രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ നിർദേശപ്രകാരം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് കർഷകരെ കണ്ടെത്തിയതും നേന്ത്രവാഴ ഉൽപ്പാദനവും പരിപാലനവും വാഴക്കുളത്തെ പ്രോസസിംഗ് കന്പനിയിലേക്ക് കയറ്റി അയക്കുന്നതുംവരെയുള്ള പദ്ധതി പ്രാവർത്തികമാക്കിയത്.
പുതുക്കാട് കാഞ്ഞൂപ്പാടം റോഡിൽ ജോബി ആലപ്പാട് എന്ന കർഷകനാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ട്രിച്ചി എൻആർബിസി മാർഗനിർദേശപ്രകാരം നേന്ത്രവാഴ കൃഷി നടത്തിയത്.
ആയിരത്തോളം വാഴകളാണ് ജൈവരീതിയിൽ കൃഷിചെയ്ത് ഇവിടെ വിളയിച്ചത്. 70 മുതൽ 80 ശതമാനം മൂപ്പെത്തിയ കായകളാണ് കയറ്റുമതിക്ക് ഉപയോഗിച്ചത്.
വളരെ സൂഷ്മമായി പരിശോധിച്ചശേഷമാണ് ഇവ പ്രോസസിംഗ് യൂണിറ്റിലേക്ക് കയറ്റിവിടുന്നത്.
പ്രോസസിംഗിനുശേഷം 13.5 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിച്ച് യൂറോപ്പിലെത്തിച്ചശേഷം സാധാരണ താപനിലയിലേക്ക് മാറ്റിയതിനുശേഷമാണ് നേന്ത്രക്കായ പഴുക്കാൻ അവസരമൊരുക്കുക.
25 മുതൽ 35 ദിവസംവരെ കടൽയാത്ര കഴിഞ്ഞ് ലണ്ടൻ തുറമുഖത്തെത്തിയാൽ റീട്ടെയിൽ ശൃഖലയിലൂടെ യൂറോപ്യൻ രാജ്യങ്ങളിൽ വിപണനം നടത്താനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ നേന്ത്രക്കായ വിമാനമാർഗം യൂറോപ്പിലും മറ്റു രാജ്യങ്ങളിലും എത്തിക്കുന്നുണ്ടെങ്കിലും മലയാളിക്ക് എത്തിപ്പിടിക്കാവുന്നതിൽ വലിയ തുകയാണ് ഇതിനുവേണ്ടി ചെലവഴിക്കേണ്ടിവരുന്നത്.
കപ്പൽമാർഗം എത്തിക്കുന്നതിലും ഏഴ് ഇരട്ടി ചെലവുകൂടതലാണ് വിമാന മാർഗം ഇവ യൂറോപ്പിലേക്ക് എത്തിക്കാൻ.
ഇത്തവണത്തെ കയറ്റുമതി വിജയകരമായാൽ നേന്ത്രവാഴ കർഷകർക്ക് വലിയ പ്രതീക്ഷനല്‍കും.
പ്രതിവർഷം 2000 മെട്രിക് ടണ്‍ നേന്ത്രക്കായ കയറ്റി അയക്കാമെന്നാണ് വിഎഫ്പിസികെ ലക്ഷ്യമിടുന്നത്.
ഡയറക്ടർ ഷൈല പിള്ള, ഡപ്യൂട്ടി മാനേജർ എക്സ്പോർട്ട് ശാന്തി അന്ന കുര്യൻ, ജില്ലാ മാനേജർ ജഹാംഗിർ കാംസി, ഡപ്യൂട്ടി മാനേജർ കെ.യു. ബബിത എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി ഇത്തവണ പ്രാവർത്തികമാക്കിയത്.