കൊച്ചി: എറണാകുളം ബാനർജി റോഡിൽ കലൂർ സിഗ്നലിലും ലിസി ജംഗ്ഷനും ഇടയിലുള്ള ഭാഗത്തു കൂടി വണ്ടി ഓടിക്കണമെങ്കിൽ ഡ്രൈവിംഗ് മാത്രം അറിഞ്ഞാൽ പോര. സാഹസികതയും ഭാഗ്യവും കൈമുതലായി വേണം. ഇരുചക്രവാഹന യാത്രികർക്കു പ്രത്യേകിച്ചും. റോഡ് ഒരടിയോളം ഇരുന്നതാണ് ഇതുവഴിയുള്ള യാത്ര അതീവദുഷ്കരവും അപകടകരവുമാക്കുന്നത്. സൂക്ഷിച്ചു പോയില്ലെങ്കിൽ വാഹനം തലകുത്തി മറിഞ്ഞേക്കാം.
റോഡിലുള്ള മെട്രോയുടെ തൂണുകൾക്കു ചുറ്റുമുള്ള ഭാഗമാണ് ഇരുന്നുപോയതെന്നത് അപകടഭീഷണിയുടെ ആഴം കൂട്ടുന്നു. റോഡ് ഇടിഞ്ഞതോടെ മെട്രോ തൂണുകളുടെ ചുറ്റുമുള്ള ഭാഗം ഒരടിയോളം വരെ ഉയർന്നുനിൽക്കുകയാണ്. എട്ടോളം മെട്രോ തൂണുകൾക്കു ചുറ്റും ഈവിധം അപകടക്കെണിയുണ്ട്. മുത്തൂറ്റ് റോഡിനു എതിർവശമുള്ള ഭാഗത്താണ് ഏറ്റവും അപകടഭീഷണി. എന്നാൽ മെട്രോ തൂണിന്റെ പൈലുകൾക്കു മുകളിലുള്ള കോണ്ക്രീറ്റ് കവചത്തിന് ഇളക്കമൊന്നും വരാത്തതിനാൽ തൂണുകൾക്ക് നിലവിൽ ഭീഷണിയില്ല.
ഈഭാഗത്തു റോഡ് ടാർ ചെയ്യാതെ ഇന്റർലോക്ക് ടൈലുകളാണ് വിരിച്ചിരിക്കുന്നത്. റോഡ് ഇരുന്നതോടെ ടൈലുകളും ഇളകി. ഇതു യാത്ര കൂടുതൽ ദുഷ്കരമാക്കുന്നു. ഉയർന്നുനിൽക്കുന്ന ഭാഗത്തേക്കു കയറു ന്പോൾ വാഹനം ചെരിഞ്ഞു നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. റോഡിന് ഇവിടെ വീതി വളരെ കുറവായതിനാൽ ഉയർന്നുനിൽക്കുന്ന ഭാഗം ഒഴിവാക്കി യാത്രചെയ്യാനും കഴിയില്ല.
ഇരുവശത്തുനിന്നുമുള്ള സിഗ്നലുകൾ കടന്നു വാഹനങ്ങൾ ഒരുമിച്ചെത്തുന്നതിനാൽ ഉയർന്നുനിൽക്കുന്ന ഈ ഭാഗത്തു നിയന്ത്രണം വിട്ടു വാഹനങ്ങൾ തട്ടുന്നതു പതിവു സംഭവമാണെന്നു സമീപത്തെ കച്ചവടക്കാർ പറയുന്നു. ഈ ഭാഗത്തെ മണ്ണിന് ഉറപ്പ് കുറവാണ്. ഒരു മാസം മുന്പ് ഇതിനു സമീപത്തായി നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ അടിത്തറ ഇടിഞ്ഞുതാഴ്ന്നിരുന്നു. ഇതിനുശേഷമാണു റോഡ് കൂടുതൽ ഇരുന്നുപോയത്.
നോർത്ത് ഓവർ ബ്രിഡ്ജിലും സമാന അവസ്ഥയുണ്ട്. ഇവിടെ നാലോളം തൂണുകൾക്കു ചുറ്റും റോഡ് ഉയർന്നുനിൽക്കുന്നു. രാപകൽ ഇടതടവില്ലാതെ ബസുകൾ ഉൾപ്പെടെ ആയിരക്കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്.
ഗതാഗതം തടഞ്ഞശേഷം റോഡ് കുത്തിപ്പൊളിച്ചു മണ്ണുറപ്പിച്ചിട്ടു വേണം പരിഹാര നടപടികൾ സ്വീകരിക്കാൻ. നിരവധി പൈപ്പുകളും കേബിളുകളും റോഡിനടിയിലൂടെ കടന്നുപോകുന്നതും റോഡ് പുനർനിർമാണം ആരംഭിക്കുന്നതിനുള്ള തീരുമാനം വൈകിപ്പിക്കുന്നു. അത് എന്തൊക്കെയായാലും എത്രയും വേഗം അപകടഭീഷണി ഒഴിവാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം റോഡിൽ പൊലിയുന്ന ജീവന് അധികൃതർ മറുപടി പറയേണ്ടിവരും.