പടിഞ്ഞാറത്തറ: വൃഷ്ടിപ്രദേശങ്ങളിൽ തുടരുന്ന കനത്ത മഴയിൽ സംഭരണശേഷിയുടെ 97.6 ശതമാനം വെള്ളമെത്തിയതോടെ ബാണാസുര അണയുടെ നാലു സ്പിൽവേ ഷട്ടറുകളിൽ ഒന്ന് 20 സെന്റീമീറ്റർ തുറന്നു.
അണയിൽ 775.5 മീറ്റർ ഉയരത്തിൽ വെള്ളമെത്തിയ സാഹചര്യത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് ഷട്ടർ ഉയർത്തിയതെന്നു ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. സെക്കൻഡിൽ 15 ക്യൂബിക് മീറ്റർ തോതിലാണ് വെള്ളം കരമാൻ തോടിലൂടെ കബനി നദിയുടെ കൈവഴിയായ പനമരം പുഴയിലേക്കു തുറന്നുവിട്ടത്.
വെള്ളം ഒഴുകുന്ന കുപ്പാടിത്തറ, പുതുശേരിക്കടവ്, കക്കടവ്, പാലയാണ, കൊമ്മയാട്, കാരക്കാമല, പനമരം പ്രദേശങ്ങളിൽ പുഴയിൽ കുളിക്കാനും അലക്കാനും ഇറങ്ങുന്നവരും തീരങ്ങളിൽ കന്നുകാലികളെ കെട്ടുന്നവരും ജാഗ്രത പുലർത്തണമെന്നു അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ ലഭിച്ച സാഹചര്യത്തിൽ മെയ് 31 മുതൽ ബാണാസുര അണയിൽനിന്നു വെള്ളം വൈദ്യുതി ഉത്പാദത്തിനു കക്കയത്തേക്ക് നൽകിയിരുന്നില്ല.
ഇതിനു മുന്പ് 2014 ഓഗസ്റ്റ് രണ്ടിനും സെപ്റ്റംബർ ഒന്നിനുമാണ് ബാണാസുര അണയുടെ ഷട്ടറുകൾ തുറന്നത്. കർണാടകയിലെ ബീച്ചനഹള്ളിയിൽ കബനി നദിക്കു കുറുകെയുള്ള അണയുടെ ഷട്ടറുകൾ തുറന്നിട്ടിരിക്കയാണ്.
ജില്ലയിൽ മഴയുടെ ശക്തി പൊതുവെ കുറഞ്ഞിട്ടുണ്ട്. എന്നിരിക്കെ ബാണാസുര അണയിൽനിന്നു തുറന്നുവിട്ട വെള്ളം മുന്പുണ്ടായതുപോലെ പുഴയോരങ്ങളിലെ കൃഷിയിടങ്ങളിൽ തങ്ങി കൃഷിനാശം വരുത്തില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ. വൈദ്യുതി ഉത്പാദനത്തിനായി കക്കയത്തേക്കും വെള്ളം തുറന്നുവിടുന്നതുവരെയോ മഴ മാറുന്നതുവരെയോ ബാണാസുര അണയുടെ ഷട്ടർ തുറന്നിടുമെന്നാണ് സൂചന.
വിലക്ക് ലംഘിച്ച് റിസർവോയർ പരിസരത്ത് മീൻപിടിത്തം
പടിഞ്ഞാറത്തറ: ബാണാസുര ഡാം പരിസരത്ത് പുഴയിലിറങ്ങരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് മീൻപിടിത്തം. ഡാം അധികൃതരുടെ വിലക്കിനെത്തുടർന്ന് പാലത്തിനപ്പുറത്തായിരുന്നു വലയും കൊട്ടത്തോണിയുമായി മീൻ പിടിക്കാനായി ആളുകൾ കാത്തിരുന്നത്.
എന്നാൽ ഇന്നലെ വൈകുന്നേരം മൂന്നിന് ഷട്ടർ തുറന്നതോടെ മീനുകൾ പുഴയിലേയ്ക്ക് വീണുതുടങ്ങി. ഇതോടെ നിയന്ത്രണങ്ങൾ ലംഘിച്ച് മീൻപിടിക്കാനെത്തിയവർ പുഴയിലൂടെ മുന്നോട്ട് വന്ന് ഷട്ടറിന് താഴെനിന്നു തന്നെ മീൻ പിടിക്കാൻ ആരംഭിച്ചു.
2014 ഓഗസ്റ്റ് അഞ്ചിന് മീൻപിടിക്കുന്നതിനിടെ ഒരാൾ മുങ്ങി മരിച്ചതിനെ തുടർന്നാണ് അധികൃതർ ബാണാസുര ഡാം പരിസരത്ത് മീൻപിടിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. ഇതേത്തുടർന്ന് പുഴയിലേക്കിറങ്ങുന്നത് തടയാനായി നിയന്ത്രണ മേർപ്പെടുത്തുകയും കന്പിവേലികൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ പുഴയിലൂടെ കയറിവന്ന നാട്ടുകാരെ തടയാൻ പോലീസിന് കഴിഞ്ഞില്ല. വിരലിലെണ്ണാവുന്ന പോലീസുകാർ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. നൂറ്കണക്കിന് ജനങ്ങളാണ് ഡാം തുറക്കുന്നത് കാണാനെത്തിയത്. മണിക്കൂറുകളോളം റോഡിൽ ഗതാഗതതടസവും അനുഭവപ്പെട്ടു. ഇതിനിടെ ലാത്തി വീശിയ പോലീസുകാരും ജനങ്ങളും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി.
പടിഞ്ഞാറത്തറയിൽ പുഴമീൻ ചാകര
പടിഞ്ഞാറത്തറ: ബാണാസുര ഡാം റിസർവോയറിന്റെ ഷട്ടർ തുറന്നതോടെ പ്രദേശത്ത് പുഴമീൻ ചാകര. ഷട്ടർ വഴിപുറത്തു ചാടുന്ന മീനുകളെയാണ് വലയെറിഞ്ഞും പുഴയിലൂടെ നീന്തിയും നാട്ടുകാർ പിടികൂടുന്നത്.
നാല് വർഷത്തിന് ശേഷം ഷട്ടർ തുറന്നതിനാൽ വലിപ്പമേറിയ ചെന്പല്ലി, കട്ല, റോഗ് തുടങ്ങിയ മീനുകളാണ് ലഭിക്കുന്നത്. ഷട്ടറുകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന മീനുകൾ അർധപ്രാണാവസ്ഥയിലാണ് പുഴയിലേക്ക് എത്തുന്നത്. ഇരുപതു കിലോഗ്രാം തൂക്കമുള്ള മീനുകളാണ് പലർക്കും ലഭിക്കുന്നത്. ഇന്നലെ വൈകുന്നേരം മുതൽ തുടങ്ങിയ മീൻപിടുത്തം രാത്രിയിലും തുടർന്നുണ്ട്.
പിടച്ചെടുക്കുന്ന മീനുകൾ കിലോക്ക് 300 മുതൽ 500 രൂപ വരെ വിലക്കാണ് വിൽക്കുന്നത്. പുഴമീനിന് ആവശ്യക്കാരും നിരവധിയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മീൻപിടിക്കാനായി നിരവധി പേരാണ് ഡാം പരിസരത്ത് എത്തുന്നത്.