കൽപ്പറ്റ: കനത്ത മഴയ്ക്കിടെ ബാണാസുര അണയുടെ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അന്തംവിട്ട് ജനം. അണയുടെ ഷട്ടറുകൾ തുറക്കുന്പോൾ മുന്നറിയിപ്പ് നൽകാറില്ലെന്നു മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ് ജനത്തിനു അന്പരപ്പായത്.
കെഎസ്ഇബിയുടെ ഉടമസ്ഥതിയിലുള്ളതാണ് കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പടിഞ്ഞാറത്തറ ബാണാസുര അണ. മുന്പ് മഴക്കാലങ്ങളിൽ അണയുടെ ഷട്ടറുകൾ തുറന്നപ്പോഴൊക്കെ കെഎസ്ഇബി അധികൃതർ സ്വന്തംനിലയ്ക്കും ജില്ലാ ഭരണകൂടം മുഖേനയും ജനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
ഇത്തവണ മഴക്കാലത്തു നാലു ഷട്ടറുകളും തുറന്ന ഓഗസ്റ്റ് ഏഴിനു മുന്പും അണയുടെ താഴെ ഭാഗങ്ങളിൽ താമസിക്കുന്നവർക്കു മുന്നറിയിപ്പു നൽകിയിരുന്നു. എന്നിരിക്കെയാണ് ബാണാസുര അണയുടെ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകാറില്ലെന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.
775.6 മീറ്ററാണ് ബാണാസുര അണയുടെ ഫുൾ റിസർവോയർ ലെവൽ. 61.44 ചതുരശ്ര കിലോമീറ്റർ വരുന്ന വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴയിൽ അണയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു ജാഗ്രതാനിർദേശം നൽകിയാണ് ജൂലൈ 15നു അണയുടെ ഷട്ടറുകൾ തുറന്നത്.
ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്നു ഷട്ടറുകൾ ഓഗസ്റ്റ് അഞ്ചിനു അടച്ചു. ഓഗസ്റ്റ് ആറിനു പെയ്ത ശക്തമായ മഴയിൽ അണ നിറഞ്ഞുകവിഞ്ഞ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവുമായി കൂടിയാലോചന പോലും നടത്താതെയും പ്രദേശവാസികൾക്കു മുന്നറിയിപ്പു നൽകാതെയുമാണ് ഓഗസ്റ്റ് ഏഴിനു രാവിലെ നാലു ഷട്ടറുകളും തുറന്നത്.
ഇതേത്തുടർന്നാണ് പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായത്. അണയിൽനിന്നു തുറന്നുവിടുന്ന ജലം കരമാൻ തോട്ടിലുടെ കബനിയുടെ പ്രധാന കൈവഴികളിലൊന്നായ പനമരം പുഴയിലാണ് എത്തുന്നത്.