പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിൽ മീൻ പിടുത്തത്തിനിടെ കാണാതായ നാലാമത്തെ ആളുടേയും മൃതദേഹം കണ്ടെത്തി. കോഴിക്കോട് ചെന്പുകടവ് മോളക്കുന്നിൽ ബിനു(42)വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ കാണാതായ നാലുപേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു.
നാവിക സേനയും അഗ്നിരക്ഷാ സേനയുടെ സ്കൂബ ഡൈവിംഗ്, കോഴിക്കോട് നിന്നുമെത്തിയ അണ്ടർവാട്ടർ സെർച്ചിംഗ് ടീം, തുർക്കി ജീവൻ രക്ഷാസമിതിയംഗങ്ങൾ, സുൽത്താൻ ബത്തേരിയിൽ നിന്നുള്ള പ്രവാസി സംഘവും പ്രതികൂല കാലാവസ്ഥയിലും അണക്കെട്ടിൽ തെരച്ചിൽ നടത്തുന്നതിന് മുഖ്യപങ്ക് വഹിച്ചു.
ഞായറാഴ്ച അർധരാത്രിയോടെ ബാണാസുരസാഗർ റിസർവോയറിലെ പഴയ തരിയോട് അങ്ങാടി ഭാഗത്താണ് കുട്ടത്തോണികൾ മറിഞ്ഞ് നാലുപേരെ കാണാതായത്. ഏഴുപേർ ഡാമിലെ വെള്ളത്തിൽ വീണെങ്കിലും മൂന്നുപേർ നീന്തി രക്ഷപെടുകയായിരുന്നു.
അപകടം ഉണ്ടായ ഭാഗത്തും പരിസരങ്ങളിലും തിങ്കളാഴ്ച രാവിലെ മുതൽ തെരച്ചിൽ ആരംഭിച്ചിരുന്നു. ബുധനാഴ്ച രാവിലെ നെല്ലിപ്പൊയിൽ മണിത്തൊടി മാത്യുവിന്റെ മകൻ മെൽബിൻ(34), വയനാട് തരിയോട് സിങ്കോണ പടിഞ്ഞാറെക്കുടിയിൽ വിത്സണ്(50) എന്നിവരുടെ മൃതദേഹവും ഇന്നലെ കോഴിക്കോട് നെല്ലിപ്പൊയിൽ കാട്ടിലിടത്ത് സച്ചിൻ ചന്ദ്രൻ (20) ന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.