വടക്ക് പടിഞ്ഞാറന്‍ ഫ്രഞ്ച് പ്രദേശമായ ബ്രിട്ടാനിയയിലെ തന്റെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് സേവ്യര്‍ ആ കാഴ്ച കണ്ടത്. ഒരു പൂച്ചയുടെ കൈയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു പക്ഷിക്കുഞ്ഞ്.
തൂവല്‍ പോലുമില്ലാത്ത ആ കുഞ്ഞുപക്ഷി മരണം നേരില്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഒരു നിമിഷം കഴിഞ്ഞാല്‍ താന്‍ ആ പൂച്ചയുടെ ഭക്ഷണമാകും എന്ന് ആ കുഞ്ഞുപക്ഷി ഉറപ്പിച്ചു.
രക്ഷകൻ
എന്നാല്‍ മൃതപ്രാണനായി കഴിഞ്ഞ ആ കുഞ്ഞുപക്ഷിയെ മരണത്തിന് വിട്ടുകൊടുക്കാന്‍ സേവ്യര്‍ തയാറായില്ല. അദ്ദേഹം പൂച്ചയുടെ കൈയില്‍ നിന്നും ആ പക്ഷിക്കുഞ്ഞിനെ രക്ഷപ്പെടുത്തി.
അതൊരു പ്രാവായിരുന്നു. സ്വന്തം കുഞ്ഞിനെ പോലെ സേവ്യര്‍ ആ പ്രാവിനെ വളര്‍ത്തി. കാലം കടന്നുപോയി. ഇന്ന് സേവ്യറിന് 80 വയസായി. തനിച്ചാണ് താമസം.
എന്നാല്‍ വയസുകാലത്ത് ഒറ്റപ്പെട്ട ജീവിതം എന്ന വിഷമം സേവ്യറിനില്ല. കാരണം കൂട്ടിനായി ആ പ്രാവുണ്ട്. പണ്ട് പൂച്ചയുടെ കൈയില്‍ നിന്നും രക്ഷപ്പെടുത്തിയ അതേപ്രാവ്. ഇരുവരും ഇന്ന് പ്രിയസുഹൃത്തുക്കളാണ്.
കൂട്ടുകാർ
സേവ്യര്‍ എവിടെപോയാലും കൂട്ടിന് ബ്ലാഞ്ചന് എന്ന പ്രാവുമുണ്ടാകും. എന്നും അതിരാവിലെ സൈക്കിള്‍ സവാരി നടത്തുന്ന സേവ്യറിനൊപ്പം ബ്ലാഞ്ചനുമുണ്ടാകും.
ചിലപ്പോള്‍ പറന്നും മറ്റു ചിലപ്പോള്‍ സൈക്കിള്‍ ഹാന്ഡിലിരുന്നും ചിലപ്പോള്‍ സേവ്യറിന്റെ ചുമലില്‍ ഗമയോടെ ഇരുന്നുമാണ് ബ്ലാഞ്ചനിന്റെ സഞ്ചാരം.
വഴിയാത്രക്കാര്‍ക്ക് എന്നും ആ കാഴ്ച കൗതുകമുള്ളതായിരിക്കും. മുമ്പ് വര്‍ക്ക്ഷോപ്പിലായിരുന്നു സേവ്യറിന് ജോലി. ആ സമയത്ത് വൈകുന്നേരം സേവ്യര്‍ ജോലി കഴിഞ്ഞിറങ്ങുന്നതുവരെ ബ്ലാഞ്ചന് ആ പരിസരത്തൊക്കെ ചുറ്റിക്കറങ്ങും.
സേവ്യര്‍ വീട്ടിലേക്ക് പോകുമ്പോള്‍ ഒപ്പംപോകും. വീട്ടിലെത്തിയാല്‍ ചെടികള്‍ക്ക് വെള്ളമൊഴിക്കാനും മറ്റും സേവ്യറിനൊപ്പം കൂടും.
പരസ്പര ബഹുമാനം
ഇപ്പോള്‍ സേവ്യറും ബ്ലാഞ്ചനും തമ്മിലുള്ള ആത്മബന്ധം നാട്ടില്‍ പാട്ടാണ്. ഒരു പ്രാവ് എങ്ങനെ ഇത്രയും സൗഹൃദത്തോടെ ഒപ്പം നടക്കുന്നു എന്ന് ചോദിച്ചാല്‍ സേവ്യറിന് ഒരുത്തരമേയുള്ളു.
– ‘ഞാന്‍ ബ്ലാഞ്ചനെ ബഹുമാനിക്കുന്നു, അതെന്നേയും. ഏത് ജീവിയുമായും നമുക്ക് സുഹൃത്തുക്കളാവാം. അതിന് ആദ്യം വേണ്ടത് ആ ജീവിയെ ബഹുമാനിക്കുകയാണ്. പരസ്പര ബഹുമാനമാണ് ഏറ്റവും നല്ല സുഹൃദ്ബന്ധത്തിന് അടിസ്ഥാനം’.