രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: ഒരാഴ്ചയായി ഇരുണ്ട നിലവറ പോലെയുള്ള സ്ഥലത്ത് ജീവനടക്കിപ്പിടിച്ചു കഴിയുന്നു.
കൈവശമുള്ള മൊബൈൽ ഫോണ് മാത്രമാണ് പുറംലോകവുമായുള്ള ഏക ബന്ധം. കാതടപ്പിക്കുന്ന വെടിയൊച്ചകൾ അല്ലാതെ മറ്റൊരു ശബ്ദവും കേൾക്കുന്നില്ല.
പുറത്തേക്കൊരു വാതിൽ എപ്പോൾ, എന്നു തുറക്കുമെന്നറിയാതെ നാടും വീടും കനവിലടക്കിപ്പിടിച്ചു കാത്തിരിക്കുകയാണ് റഷ്യയുടെ ആമക്രണം അതിരൂക്ഷമായ ഖാർകീവിൽ ഹോസ്റ്റൽ ബേസ്മെന്റിൽ ഭീതിയോടെ കഴിയുന്ന അപർണ ലക്ഷ്മി ഉൾപ്പടെയുള്ള മലയാളി വിദ്യാർഥികൾ.
ഇവിടെനിന്നു പുറത്തുകടക്കാനുള്ള ഒരു മാർഗവും തങ്ങളുടെ മുന്നിൽ ഇല്ലെന്നാണ് ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 5.45ന് ഫോണിൽ സംസാരിച്ചപ്പോൾ അപർണ ദീപികയോട് പറഞ്ഞത്.
ഹോസ്റ്റൽ ബേസ്മെന്റിലെ ഇവരുടെ ദുരിതജീവിതം ഇന്ന് ഏഴാം ദിവസത്തിലേക്കു കടക്കുകയാണ്.
കായംകുളം സ്വദേശിയായ അപർണ ഖാർകീവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ്.
ബേസ്മെന്റിൽ അപർണയ്ക്കൊപ്പം പതിനഞ്ചോളം വിദ്യാർഥിനികളും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ട്.
റഷ്യൻ വ്യോമാക്രമണത്തിൽ ഖാർകീവിൽ ഇന്നലെ കൊല്ലപ്പെട്ട കർണാടക സ്വദേശി നവീൻ അപർണയുടെ സീനിയർ വിദ്യാർഥിയായിരുന്നു.
നവീൻ കൊല്ലപ്പെട്ട വിവരം പോലും മണിക്കൂറുകൾക്കു ശേഷമാണ് ഇവർ അറിയുന്നത്.
ഫോണിലൂടെയും മറ്റും ലഭിക്കുന്ന വിവരങ്ങൾ അല്ലാതെ പുറത്തുനിന്നുള്ള ഒരു വാർത്തയും അറിയാൻ പോലും കഴിയുന്നില്ലെന്നും അപർണ പറഞ്ഞു.
ഏതാനും ദിവസം കഴിഞ്ഞു കൂടാനുള്ള ഭക്ഷണവും വെള്ളവും മാത്രമാണ് കൈവശമുള്ളത്.
പുറത്ത് ഭയങ്കര സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പുറത്തേക്കിറങ്ങാൻ കഴിയുന്നില്ല.
യുക്രെയ്ന്റെ ഒരു അതിർത്തിയിലേക്കും സ്വന്തം നിലയിൽ എത്തിച്ചേരാൻ കഴിയില്ല. ബസോ ടാക്സിയോ ട്രെയിനോ കിട്ടുന്നില്ല.
സർക്കാരിന്റെ സഹായമില്ലാതെ നിലവിൽ ഇപ്പോൾ ബങ്കറിൽനിന്നു പുറത്തുകടക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.
ഭാഷ അറിയാത്തതും ഒരു വലിയ പ്രശ്നമാണ്. സാഹസികമായി പുറത്തിറങ്ങിയാൽതന്നെ സഹായം അഭ്യർഥിക്കാനുള്ള ഭാഷ പലർക്കുമറിയില്ല.
ഇന്ത്യൻ എംബസിയിൽനിന്ന് നേരിട്ട് പ്രതികരണങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അപർണ പറഞ്ഞത്.
സർവകലാശാലാ അധികൃതരും ഇവരെ പുറത്തു കടത്തുന്നതിനുള്ള ഒരു പദ്ധതിയും രൂപീകരിച്ചിട്ടില്ല.
ഇതിനോടു ചേർന്ന് മറ്റുള്ള ഹോസ്റ്റൽ ബേസ്മെന്റിൽ മലയാളികളടക്കം നിരവധി വിദ്യാർഥികൾ കുടുങ്ങിക്കിടപ്പുണ്ട്.
ഇവരുടെ ദുരവസ്ഥ അറിഞ്ഞ രാജ്യസഭാംഗം ബിനോയ് വിശ്വം നിരവധി തവണ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചുവെന്നും അപർണ പറഞ്ഞു.
ഇന്ത്യൻ വിദ്യാർഥികളുടെ ദുരവസ്ഥ കണക്കിലെടുത്ത് രക്ഷാപ്രവർത്തനം ഉൗർജിതമാക്കണമെന്നു ചൂണ്ടിക്കാട്ടി ബിനോയ് വിശ്വം പ്രധാനമന്ത്രിക്കു കത്തു നൽകിയിട്ടുണ്ട്.