പാലക്കാട്: യുവതിയുടെ മൃതദേഹം കഴുത്തറത്ത നിലയിൽ വഴിയരികിൽ കണ്ടെത്തി.
40 വയസു തോന്നിക്കുന്ന തമിഴ് സ്ത്രീയെയാണ് പെരുവെന്പ് മന്ദത്തുകാവ് ചോറക്കോടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡിനോടു ചേർന്ന പറന്പിൽ ഇന്നു പുലർച്ചെയോടെയാണ് മൃതദേഹം കണ്ടത്.
സമീപത്ത് മദ്യക്കുപ്പിയും വെട്ടുകത്തിയും കിടപ്പുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഈ പരിസരത്ത് കുടിലുകൾ കെട്ടി താമസിക്കുന്ന തമിഴ് സംഘത്തിൽപ്പെട്ടയാളാണ് സ്ത്രീയെന്നാണ് പരിസരവാസികൾ നൽകുന്ന സൂചന.
സമീപത്തെ വീടുകളിൽ സംഘത്തിലെ സ്ത്രീകൾ ജോലികൾക്കായി പോകാറുണ്ടെന്നും പറയുന്നു. ഇന്നലെ രാത്രി ഒന്പതോടെ ഈ പ്രദേശത്ത് സ്ത്രീയെയും ഒരു പുരുഷനെയും ബൈക്കിൽ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.
ആലത്തൂരിൽ ഗൃഹനാഥനെ തലയ്ക്കടിച്ചു കൊന്നു
പാലക്കാട്: ആലത്തൂരിൽ 63കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അയൽവാസിയും മകനും പിടിയിൽ. ആലത്തൂർ തോണിപ്പാടത്തിനു സമീപം അന്പാട്ടുപറന്പ് ബാപ്പുട്ടിയാണ് മരിച്ചത്.
അയൽവാസിയും ബന്ധുവുമായ അബ്ദുറഹ്മാൻ, മകൻ ഷാജഹാൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വീട്ടിലെ തൊഴുത്ത് കഴുകുന്ന വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് ഇവർതമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
മുന്പും ഇതു സംഘർഷത്തിലേക്ക് എത്തിയിരുന്നു. ബാപ്പുട്ടിയെ ആക്രമിച്ച കേസിൽ അബ്ദുറഹ്മാന് ശിക്ഷയും ലഭിച്ചിരുന്നു. പോലീസ് പ്രതികളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.