പെരുമ്പാവൂർ: ബാങ്കിന്റെ ഭിത്തി തുരന്നു കവർച്ചയ്ക്കു ശ്രമിച്ച കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം.
പെരുന്പാവൂർ സിഐ ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
എഎം റോഡിൽ പെരുമ്പാവൂരിലെ കേരള ഗ്രാമീൺ ബാങ്കിന്റെ ശാഖയിലാണ് കഴിഞ്ഞ ദിവസം കവർച്ചാ ശ്രമം നടന്നത്.
ബാങ്കിന്റെ ഭിത്തി തുരന്ന് അകത്തു പ്രവേശിക്കാനുള്ള മോഷ്ടാവിന്റെ ശ്രമം വിഫലമായി.
എഎം റോഡിൽ ആശ്രമം സ്കൂളിന് സമീപത്തെ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്.
താഴത്തെ നിലയിലുള്ള ബാങ്ക് ഓഫ് ബറോഡ (വിജയ ബാങ്ക്) ബാങ്കിന്റെ എടിഎം കൗണ്ടറിന്റെ ഷട്ടറിടാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് മുകളിലത്തെ നിലയിൽ ഭിത്തി പൊളിക്കുന്ന ശബ്ദം കേട്ടത്.
ഉടനെ പോലീസിനെ വിവരം അറിയിച്ചെങ്കിലും മോഷ്ട്ടാവ് രക്ഷപ്പെട്ടു.
ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. സമീപത്തെ ഇൻഷുറൻസ് കമ്പനി ഓഫീസിന്റെ സിസിടിസി കാമറ മറച്ചാണ് മോഷണ ശ്രമം നടന്നത്.
ബാങ്ക് സ്ഥാപിച്ച കാമറയിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും ഇത് വ്യക്തമല്ല.
വിരലടയാള വിദഗ്ധരും പോലീസ് നായയും സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തു. ബാങ്ക് കവർച്ചാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.