കോവിഡ് 19 ലോക്ക്ഡൗണിൽ ഭക്ഷണമില്ലാതെ കുടുങ്ങിയ മലയാളി യുവാക്കൾക്ക് കൈത്താങ്ങായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബംഗളൂരു കെആർ പുരത്തെ താമസസ്ഥലത്തായിരുന്ന ജോബിൻ ജോസഫ്, ജോർജ് സിറിയക് എന്നിവർക്ക് ഉമ്മൻ ചാണ്ടി സഹായമെത്തിച്ചത്.
അപ്രതീക്ഷിതമായിരുന്നു സംഭവമെന്ന് യുവാക്കൾ വ്യക്തമാക്കി. ലോക്ക്ഡൗണിന് തൊട്ടുമുൻപ് കരുതിവച്ച പാചകവാതകവും ഭക്ഷണസാധനങ്ങളും തീർന്നതോടെ ദുരിതത്തിലായ യുവാക്കൾ ജയ്ഹിന്ദ് ചാനൽ സംഘടിപ്പിച്ച പങ്കുവയ്ക്കാം ആശങ്കകൾ എന്ന പരിപാടിയിലേക്ക് വിളിച്ചാണ് ഉമ്മൻ ചാണ്ടിയോട് പ്രശ്നങ്ങൾ പറഞ്ഞത്.
സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും യുവാക്കൾ പ്രതീക്ഷിച്ചിരുന്നില്ല. പരിപാടി കഴിഞ്ഞ രണ്ടു മണിക്കൂറിന് ശേഷം ഉമ്മൻ ചാണ്ടിയുടെ പിഎ യുവാക്കളെ ബന്ധപ്പെട്ട് സ്ഥലവും മറ്റ് വിശദാംശങ്ങളും തേടി.
പിന്നാലെ ബംഗളൂരുവിൽ നിന്നും കന്നട സ്വദേശിയുടെ ഫോണ്‍സന്ദേശം വന്നു. ആവശ്യം എന്താണെന്നും താമസിക്കുന്ന സ്ഥലത്തെ മേൽവിലാസവും തിരക്കി.
വൈകാതെ യുവാക്കളുടെ താമസ സ്ഥലത്ത് പുതിയ ഗ്യാസ് സ്റ്റൗ, പാചകവാതക സിലിണ്ടർ എന്നിവയെത്തി. ഇവ ലഭിച്ചോ എന്നുറപ്പാക്കാൻ പിന്നീടും ഉമ്മൻ ചാണ്ടിയുടെ ഫോണ്‍കോൾ എത്തി.
ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടായാൽ അറിയിക്കണമെന്ന് പറഞ്ഞാണ് അദ്ദേഹം സംഭാഷം അവസാനിപ്പിച്ചതെന്നും യുവാക്കൾ പറഞ്ഞു. അപ്രതീക്ഷിത സഹായത്തിന് യുവാക്കൾ സോഷ്യൽമീഡിയയിലൂടെ ഉമ്മൻ ചാണ്ടിക്ക് നന്ദി അറിയിച്ചു.