ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടെസ്റ്റ് മത്സരത്തിനിടെ പന്ത് ചുരണ്ടാൻ തന്നോട് ആവശ്യപ്പെട്ടത് ഡേവിഡ് വാർണർ ആയിരുന്നെന്ന് കാമറൂണ്‍ ബാൻക്രോഫ്റ്റ്. പന്ത് ചുരണ്ടലിൽ കുറ്റക്കാരെന്നുകണ്ട അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, ഉപനായകൻ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവരെ ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയിരുന്നു.
ഒന്‍പതു മാസത്തെ വിലക്ക് അവസാനിക്കാറായിരിക്കേയാണ് പുതിയ വെളിപ്പെടുത്തലുമായി ബാൻക്രോഫ്റ്റ് വന്നത്. ഫോക്സ് ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിൽ ആദം ഗിൽക്രിസ്റ്റിനോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. വിവാദ സംഭവത്തിന്റെ ബുദ്ധികേന്ദ്രം വാർണറാണെന്ന് പറഞ്ഞ ബാൻക്രോഫ്റ്റ് ഇക്കാര്യത്തിൽ മറ്റാരെയും കുറ്റപ്പെടുത്താൻ തയാറായില്ല. സംഭവത്തിൽ താൻ ആരുടേയും ഇരയല്ലെന്നും, സംഭവിച്ചത് വലിയ തെറ്റാണെന്നും പറഞ്ഞു.