ചാവക്കാട്: ആവേശത്തിന്റെ ബാന്റ് സംഗീതം ലോക്ക്ഡൗൺ കാലത്ത് വഴിമാറിയതു ദുരിത താളത്തിന്. ബാന്റ് സെറ്റ് കലാകാരന്മാരെ ഓർക്കാൻ ആരുമില്ലെന്നു ബാന്റ് മ്യൂസിക് അസോസിയേഷൻ.
ഒരു വർഷത്തിൽ അഞ്ചുമാസമാണ് സീസണ്. ഏഴു മാസം കാര്യമായി പണിയില്ല. ഒരുവർഷത്തെ ജീവിതമാർഗത്തിനു സീസണിൽ ശരിക്കും ഓടണം. ലോക്ക്ഡൗണിൽ കുരുങ്ങിയതോടെ ഒരു വലിയ സീസണ് തന്നെ നഷ്ടമായെന്നു സ്നേഹരാഗം (അസീസി) ബാന്റ് സെറ്റ് ഉടമയും വാദ്യകലാകാരനുമായ സി.എൽ.പിയൂസ് പറഞ്ഞു.
ജില്ലയിൽ ഇരുപതോളം വരുന്ന ബാന്റ് സെറ്റിലായി 600 കലാകാരൻമാരുണ്ട്. അവരുടെ ജീവിത ദുരിതവും ഉടമകളുടെ നഷ്ടവും ആരും കാണുന്നില്ല. സർക്കാർ പലതരം ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്പോൾ ഈ കലാകാരൻമാർക്ക് പരിഗണന നൽകുന്നില്ലെന്നു അസോസിയേഷൻ അംഗങ്ങളായ ജോസ് ചെറുവത്തൂർ, ജെയ്സണ്‍ കോട്ടപ്പടി, ജയൻ നിലന്പൂർ, യൂസഫ് തിരൂർ എന്നിവർ പറഞ്ഞു.
24 അംഗങ്ങളുള്ള സ്നേഹരാഗം ബാന്റ് ടീമിനു മാത്രം ലോക്ക് ഡൗണിൽ 15 പരിപാടി റദ്ദായി. ബുക്കിംഗ് പ്രകാരം പരിപാടികൾ നടന്നിരുന്നെങ്കിൽ 13 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുമായിരുന്നു. ജില്ലയിലെ 20 സെറ്റുകൾക്കായി ലോക്ക് ഡൗണ്‍ സീസണിൽ മൂന്നു കോടിയോളം രൂപയാണ് നഷ്ടമായത്. സംഘടനയിലെ അംഗങ്ങളായ സന്തോഷ് കാട്ടൂർ, ഔസേപ്പ് പരപ്പൂർ എന്നിവർ ചൂണ്ടിക്കാട്ടി.
പാലക്കാട് വിഷുവേല, നേർച്ച, കല്യാണം, ആദ്യകുർബാന തുടങ്ങിയ ചെറുതും വലുതുമായ പരിപാടികൾ ഇതിനു പുറമെയാണ്. ഓരോ സെറ്റിലും കലാകാരൻമാർ നിലനിൽക്കാൻ ഉടമകൾ മുൻകൂറായി പണം നൽകണം. ഓരോ പരിപാടി കഴിയുന്പോഴാണ് അഡ്വാൻസ് വിഹിതം തിരിച്ചു ലഭിക്കുക. ജില്ലയിൽ ഇത്തരത്തിൽ ഏതാണ്ട് രണ്ടു കോടിയോളം രൂപ വിവിധ കലാകാരൻമാരുടെ കൈവശത്തിലുണ്ട്.
പരിപാടികൾ റദ്ദായതോടെ അത് തിരിച്ച് ചോദിക്കാൻ ഉടമകൾക്ക് കഴിയുന്നില്ല. വായ്പ എടുത്തും, സ്വർണം പണയംവച്ചും മറ്റും തിരിമറികൾ നടത്തിയാണ് അഡ്വാൻസ് കൊടുക്കുന്നത്. പ്രതീക്ഷ മുഴുവൻ സീസണിലാണ്. നവംബർ മുതൽ സീസണ് തുടങ്ങുമെങ്കിലും ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ് മാസത്തിലാണ് വലിയ തിരക്ക്. അതിൽ മൂന്നുമാസം പൂർണമായും നഷ്ടമായി.
കൊറോണയെ തുടർന്ന് മാറ്റിവയ്ക്കുന്ന കല്യാണവും നിർമാണ പ്രവർത്തനവും മറ്റ് ആവശ്യങ്ങളും പിന്നീട് നടത്തും. ഇതുമായി ബന്ധപ്പെട്ടവർക്ക് താൽക്കാലിക ബുദ്ധിമുട്ടുകൾ വരുമെങ്കിലും പരിഹരിക്കാം. എന്നാൽ, ഉപേക്ഷിക്കുന്ന ഉത്സവം, പെരുന്നാൾ, നേർച്ച തുടങ്ങിയ ആഘോഷങ്ങൾ പിന്നീട് നടത്തില്ല.
സണ്‍ മാത്രം പ്രതീക്ഷിക്കുന്ന വാദ്യ അനുബന്ധ കലാകാരൻമാർക്കും ലൈറ്റ്, സൗണ്ട് തുടങ്ങി സീസണ് കച്ചവടക്കാർക്കും അവരുടെ ദിനം പിന്നീട് തിരിച്ചെത്തില്ല. ഇത്തരത്തിൽപ്പെട്ടവരെ സർക്കാർ പ്രത്യേകം പരിഗണിക്കണം. കാലടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ കേരള ബാന്റ് മ്യൂസിക് അസോസിയേഷൻ ആവശ്യപ്പെട്ടു.