ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ചരിത്ര വിജയം. 20 റണ്‍സിനാണ് ബംഗ്ലാദേശ് ചരിത്രത്തില്‍ ആദ്യമായി ഓസീസിനെ കെട്ടുകെട്ടിച്ചത്. 265 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് 244 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സാക്കിബ് അല്‍ ഹസന്‍ രണ്ടാം ഇന്നിംഗ്‌സിലും പന്തുകൊണ്ട് തിളങ്ങിയതോടെയാണ് ബംഗ്ലാദേശ് ധാക്കയില്‍ ചരിത്രം രചിച്ചത്. മത്സരത്തില്‍ 10 വിക്കറ്റും ആദ്യ ഇന്നിംഗ്‌സില്‍ 84 റണ്‍സും നേടിയ സാക്കിബ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
ഡേവിഡ് വാര്‍ണറുടെ അതിവേഗ സെഞ്ചുറിക്കരുത്തില്‍ മുന്നേറിയ ഓസീസ് നാലംദിനം തുടങ്ങുന്‌പോള്‍ ശക്തമായ നിലയിലായിരുന്നു. 109/2 എന്ന നിലയില്‍ കുതിച്ച ഓസീസിനെ നാലാം ദിനവും വാര്‍ണര്‍ തോളിലേറ്റി. സെഞ്ചുറിക്ക് പിന്നാലെ വാര്‍ണര്‍ (112) പുറത്തായതാണ് ഓസീസിന് തിരിച്ചടിയായത്. കൂട്ടായി നിന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (37) വൈകാതെ കൂടാരം കയറി. മധ്യനിര ബംഗ്ലാദേശ് സ്പിന്നിന് മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ വാലറ്റത്ത് ഒറ്റയാള്‍ പോരാട്ടം നടത്തിയ പാറ്റ് കമ്മിന്‍സ് വീണ്ടും വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ അവസാന വിക്കറ്റ് വീണപ്പോഴും മറുവശത്ത് കാഴ്ചക്കാരനായി നില്‍ക്കാനെ കമ്മിന്‍സിന് കഴിഞ്ഞു. കമ്മിന്‍സ് 33 റണ്‍സ് നേടി. സ്‌കോര്‍: ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സ് 260, രണ്ടാം ഇന്നിംഗ്‌സ് 221. ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 217, രണ്ടാം ഇന്നിംഗ്‌സ് 244.