കോട്ടയം: പോലീസ് സ്റ്റേഷനുകളില്‍ രേഖകള്‍ നല്‍കാതെയും ഹെല്‍ത്ത് കാര്‍ഡില്ലാതെയും അതിഥി തൊഴിലാളികള്‍ വലിയ തോതില്‍ ജില്ലയിലേക്കൊഴുകുന്നു. വടക്ക്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷി ജോലികള്‍ പൂര്‍ത്തിയായതിനാല്‍ ഭായിമാര്‍ കൂട്ടത്തോടെ ട്രെയിന്‍ കയറിയെത്തുകയാണ്.
വോട്ടെടുപ്പിന് ബംഗാളിലേക്കും മറ്റും പോയവര്‍ക്കൊപ്പം അയല്‍വാസികളും ബന്ധുക്കളുമായ ചെറുപ്പക്കാരാണു ജില്ലയിലെത്തി ജോലികള്‍ തേടുന്നത്. പച്ചക്കറി, പഴം വ്യാപാരികള്‍ ഇവരെ കമ്മീഷന് വ്യവസ്ഥയില്‍ ചില്ലറ വില്പനകള്ക്കും നിയമിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഏജന്‍സികളില്ലാതെ നേരിട്ടവരുന്ന ഇതരസംസ്ഥാനത്തൊഴിലാളികളെപ്പറ്റി പോലീസിനും വ്യക്തമായി ധാരണയില്ല.
ഏതാനും മാസങ്ങള്‍ ഇവിടെ തങ്ങുകയും പിന്നീട് നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നവര്‍ പലരാണ്. പല സ്റ്റേഷന് പരിധികളില്‍ ജോലി ചെയ്യുകയും പലയിടങ്ങളിലെ ക്യാമ്പുകളില്‍ താമസിക്കുന്നയും ചെയ്യുന്നവരെക്കുറിച്ച് പോലീസിന്റെ പക്കൽ കൃത്യമായ കണക്കില്ല.
തട്ടുകടകളിലും കടകമ്പോളങ്ങളിലുമൊക്കെ സുഹൃത്തുക്കള്‍ക്കൊപ്പം ജോലി ചെയ്തു വരുമാനമുണ്ടാക്കിയശേഷം ഒക്ടോബറില്‍ വിളവെടുപ്പിനു നാട്ടിലേക്കു മടങ്ങാന്‍ താത്പര്യപ്പെട്ടാണ് പലരും എത്തുന്നത്.
ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ പശ്ചിമ ബംഗാളിലെത്തി വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ നേടി കേരളത്തില്‍ ജോലിക്കു വരുന്നതു പതിവാണ്. ഇവരെ എത്തിക്കുന്നവര്‍ അതതു പരിധിയിലെ പോലീസ് സ്റ്റേഷനുകളില്‍ ഫോട്ടോയും ഹെല്‍ത്ത് കാര്‍ഡും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും നല്‍കണമെന്നാണു നിയമം.
ഒരു വര്‍ഷമായി ഇത്തരം നടപടികളില്‍ ഗുരുതരമായ വീഴ്ചയാണു സംഭവിക്കുന്നത്. കോട്ടയം ജില്ലയില്‍ ഭായിമാരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വീടുകളില്‍ ഇവരെ ജോലിക്കു ചുമതലപ്പെടുത്തുമ്പോള്‍ ജാഗ്രത വേണമെന്ന് പോലീസ് പറഞ്ഞു. വയോധികര്‍ തനിച്ചുതാമസിക്കുന്ന ഇടങ്ങളില്‍ ഇവരെ പാര്‍പ്പിക്കുന്നത് സുരക്ഷിതമല്ല. ഗുരുതരമായ രോഗങ്ങളുള്ളവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും സുരക്ഷിത താവളം തേടി ജോലിക്കെത്താറുണ്ട്.