മൂവാറ്റപുഴ: ശന്പളവും ഭക്ഷണവും നൽകാതെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ നഗരസഭാ ഓഫീസിൽ പരാതിയുമായെത്തി. നഗരത്തിലെ തട്ടുകടയിൽ ജോലി ചെയ്യുന്ന 15 ഓളം തൊഴിലാളികളാണ് ഇന്നലെ രാത്രി ഏഴോടെ പരാതിയുമായി നഗരസഭ ചെയർപേഴ്സണ്‍ ഉഷ ശശിധരനെ സമീപിച്ചത്.
പലർക്കും ഒരു വർഷമായിട്ടും ശന്പളം ലഭിച്ചിട്ടില്ലെന്നാണ് പരാതി. ആശ്രമം ബസ് സ്റ്റാന്‍ഡിനു സമീപം പ്രവർത്തിക്കുന്ന തട്ടുകടയിലെ ജീവനക്കാരാണ് പരാതിയുമായെത്തിയത്. ദിവസവും വൈകുന്നേരം മൂന്നോടെ ആരംഭിക്കുന്ന ജോലി പുലർച്ചെ മൂന്നു വരെ തുടരും. ഉല്ലാപ്പിള്ളിയിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത വൃത്തിഹീനമായ കെട്ടിടത്തിലാണ് കടയുടമ താമസ സൗകര്യം ഒരുക്കിയിരുന്നതെന്നും ശന്പളം ചോദിക്കുന്പോൾ നാട്ടിൽ പോകുന്പോൾ തരാമെന്നുമാണു മറുപടി. എന്നാൽ നാട്ടിൽ പോകുന്പോഴും ശന്പളം നൽകാൻ തയാറാകുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.
ദിനംപ്രതി 650 രൂപ നിരക്കിൽ ശന്പളം വാഗ്ദാനം ചെയ്താണ് ജോലി ചെയ്യിച്ചിരുന്നതെന്നും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും കണ്ണീരോടെ ഇവർ പറഞ്ഞു. പ്രശ്നത്തിൽ തട്ടുകട ഉടമയുമായി സംസാരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് തൊഴിലാളികൾക്ക് ചെയർപേഴ്സണ്‍ ഉറപ്പു നൽകിയിട്ടുണ്ട്.