പയ്യന്നൂര്‍: വിവിധ മേഖലകളിലെ തൊഴിലുകള്‍ക്കായി കൊണ്ടുവന്ന ഉത്തരേന്ത്യക്കാരായ തൊഴിലാളികള്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങളൊരുക്കാത്തതിനെതിരെ പ്രതിഷേധമുയരുന്നു. ബംഗാള്‍,കൊല്‍ക്കത്ത, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്, ബീഹാര്‍, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, ഒഡീഷ, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള അയ്യായിരത്തോളം തൊഴിലാളികളാണ് പയ്യന്നൂരിലെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നത്.
ചെങ്കൽ മേഖലകളില്‍ മാത്രമായി രണ്ടായിരത്തോളം തൊഴിലാളികളുണ്ട്. ഇതിലൂടെ പതിമൂന്ന് കോടിരുപയോളം ഓരോമാസവും അന്യ സംസ്ഥാനങ്ങളിലേക്ക് പയ്യന്നൂരില്നിന്നുമാത്രമായി പോകുന്നുണ്ടെന്നാണ് കണക്ക്.
ഇക്കാര്യം നേരത്തെ രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം അനുദിനം പെരുകുമ്പോഴും ഇവര്‍ക്കാവശ്യമായ താമസ സൗകര്യങ്ങളില്ല എന്നത് നാട്ടുകാരെയും പല വിധത്തിലാണ് ബുദ്ധിമുട്ടിക്കുന്നത്. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ ഇവര്‍ക്കായി വാടക കുറവായ കുടുസുമുറികളാണ് തരപ്പെടുത്തി താമസിപ്പിക്കുന്നത്.
പലയിടങ്ങളിലും ശ്വാസംപോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍ കഴിയുന്നത്. ഇന്നലെ രാത്രി രാമന്തളി കല്ലേറ്റും കടവ് വായനശാലക്ക് സമീപമുള്ള ഒരു വാടക കെട്ടിടത്തില്‍ നാട്ടുകാരെത്തി നോക്കിയപ്പോഴാണ് ഈ പരിതാപകരമായ അവസ്ഥ ശരിക്കും ബോധ്യപ്പെട്ടത്. ഇവിടുത്തെ മൂന്ന് കുടുസുമുറികളിലായി താമസിക്കുന്നത് 25 പേരാണ്.
ഊരും പേരുമറിയാത്ത ഇത്രയും പേര് ഇവിടെ താമസിക്കുന്നതില്‍ പരിസരവാസികള്‍ക്കും ഭയമുണ്ട്. ജോലിക്കായി എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ കാര്‍ഡുള്‍പ്പെടെ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്നാണ് നിബന്ധനയെങ്കിലും പലരും ഇക്കാര്യങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതും പരിസരവാസികളുടെ ഭയത്തിന് കാരണമാണ്.