തൃശൂർ: കേരളത്തിൽ നിന്നും ബാംഗളൂരിലേക്ക് രാത്രി സർവീസ് നടത്തുന്ന ബസുകളിൽ യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന ദുരിതങ്ങൾ ഒന്നൊന്നായി പുറത്തു വരികയാണ്. അസൗകര്യങ്ങളും മോശമായ പെരുമാറ്റങ്ങളും നിരന്തരം നേരിടേണ്ടി വരുന്നുണ്ടെങ്കിലും പുറത്തു പറഞ്ഞാൽ കൂടുതൽ ഭീഷണിയുണ്ടാകുമെന്ന് ഭയന്നാണ് ആരും പുറത്തു പറയാതിരുന്നത്.
കല്ലട ബസിലെ ദുരിതം പുറത്തു വന്നതോടെ നിരവധി പേരാണ് അനുഭവിച്ച ദുരിതങ്ങളുടെ കഥകളുമായി രംഗത്തെത്തുന്നത്.എന്നാൽ സ്വകാര്യ ബസുകളുടെ ബാംഗളൂർ യാത്രയ്ക്ക് കഐസ്ആർടിസിയും റെയിൽവേയും ഒത്താശ ചെയ്യുന്നുവെന്ന ആരോപണം നേരത്തെ തന്നെ പുറത്തു വന്നിരുന്നു.
പരമാവധി ബാംഗളൂരിലേക്കുള്ള സർവീസുകൾ കുറച്ചാണ് ഈ വകുപ്പുകൾ സ്വകാര്യ ബസുകളെ സഹായിക്കുന്നത്. യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് കെഎസ്ആർടിസിയും റെയിൽവേയും കൂടുതൽ സർവീസുകൾ നടത്താത്തതിനാലാണ് മറ്റു വഴികളില്ലാതെ ജനങ്ങൾ സ്വകാര്യ ബസുകളെ ആശ്രയിക്കാൻ നിർബന്ധിതമാകുന്നത്.
പലപ്പോഴും വിമാനത്തേക്കാൾ കൂടിയ നിരക്ക് നൽകിയാണ് യാത്രക്കാർ ബസുകളിൽ ബാംഗളൂരിലേക്ക് പോകുന്നത്.
ബാംഗളൂർ ബസുകളിലെ ദുരന്തം ചർച്ചയായതോടെ കേരളത്തിൽ നിന്നും ബാംഗളൂരിലേക്ക് കൂടുതൽ പ്രതിദിന ട്രെയിനുകൾ വേണമെന്ന ദീർഘകാലത്തെ ആവശ്യം ശക്തമായിരിക്കയാണെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.കൃഷ്ണകുമാർ വ്യക്തമാക്കി.
അടിയന്തിരമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും ഓരോ പ്രതിദിന രാത്രി ട്രെയിനുകൾ വീതം ബാംഗളൂരിലേക്ക് ഓടിയ്ക്കണമെന്ന് അസോസിയേഷൻ അധികൃതരോടാവശ്യപ്പെട്ടു. നിലവിൽ ഓടുന്ന പ്രതിവാര, ദ്വൈവാര, ത്രൈവാര ട്രെയിനുകൾ പ്രതിദിനമാക്കുന്നതിനുള്ള സാധ്യതകളും ആരായണം.
ദക്ഷിണ റെയിൽവേയും പശ്ചിമ റെയിൽവേയും ഉൾപ്പെടുന്ന വിഷയമായതിനാൽ ഇക്കാര്യത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെയും റെയിൽവേ ബാർഡിന്റെയും ഇടപെടലുകൾ അനിവാര്യമാണ്. ഈ ആവശ്യമുന്നയിച്ച് സംസ്ഥാന സർക്കാരിനും റെയിൽവേ അധികൃതർക്കും തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ നിവേദനം നൽകി.