ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫെയിലെ സ്ഫോടനത്തിൽ തീവ്രവാദബന്ധം ശക്തിപ്പെടുന്നു. സ്ഫോടനം ടൈമർ ഉപയോഗിച്ച് നിയന്ത്രിച്ചെന്നു സൂചന ലഭിച്ചിട്ടുണ്ട്. ടൈമറിന്റെ ചില അവശിഷ്ടങ്ങൾ കഫേയിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്നു കണ്ടെത്തിയതാണു സംശയത്തിനു കാരണം.
2022 നവംബർ 19നു നടന്ന മംഗളൂരു സ്ഫോടനത്തിനു സമാനമാണു ബംഗളൂരു കഫേയിലെ സ്ഫോടനമെന്ന സംശയവും ഉയർന്നിട്ടുണ്ട്. സ്ഫോടക വസ്തു ഉണ്ടായിരുന്നത് ടിഫിൻ ക്യാരിയറിലാണ്. മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ വച്ച കുക്കർ ബോംബായിരുന്നു പൊട്ടിത്തെറിച്ചത്.
ബംഗളൂരു സ്ഫോടനത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ എൻഐഎയും ഐബിയും അന്വേഷിക്കും. സംഭവത്തിൽ കസ്റ്റഡിയിലുള്ള ആളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഫെയിലെ സ്ഫോടനത്തിനു ശക്തി കുറഞ്ഞ ഐഇഡിയാണ് ഉപയോഗിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിർമിച്ച ബോംബ് എന്ത് ഉപയോഗിച്ചാണു പ്രവർത്തിപ്പിച്ചതെന്നു വ്യക്തമായിട്ടില്ല. ഹോട്ടലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഉച്ചയ്ക്ക് 11.45 ഓടെ അജ്ഞാതനായ ഒരാൾ ഹോട്ടലിൽ ഒരു ബാഗ് കൊണ്ടുവന്ന് ഉപേക്ഷിച്ചുപോയ ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് പോലീസ് ഉദ്യോഗസ്ഥരുടെ യോഗശേഷം കർണാടക മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടേക്കും.
വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലുള്ള രാമേശ്വരം കഫേയിൽ ഇന്നലെ ഉച്ചയ്ക്ക് 12.56നാണ് സ്ഫോടനമുണ്ടായത്. നിരവധി ആളുകൾ വന്നുപോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടൽ ജീവനക്കാർക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും സ്ഫോടനത്തിൽ പരിക്കേറ്റു.
ആകെ പത്ത് പേര്ക്ക് പരിക്കുണ്ട്. പരിക്കേറ്റവരിൽ നാല്പത്താറുകാരിയുടെ കർണപുടം തകർന്നനിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും ഇവരുടെ കേൾവിശക്തി നഷ്ടമായേക്കും.തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോൺഗ്രസ് സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര ആരോപിച്ചു.
അതേസമയം സംഭവത്തിൽ രാഷ്ട്രീയക്കളിക്ക് ഇല്ലെന്ന് ഉപമുഖ്യന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. 2022ൽ അടക്കം മംഗലാപുരത്തുണ്ടായ കുക്കർ സ്ഫോടനം ബിജെപി ഭരണകാലത്തായിരുന്നു. അത്തരം വില കുറഞ്ഞ രാഷ്ട്രീയാരോപണങ്ങൾക്കില്ലെന്നും ശിവകുമാർ പറഞ്ഞു.
കഫേ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലടക്കം ജാഗ്രത ശക്തമാക്കി. പരിശോധനകൾ വർധിപ്പിച്ചതായി ഡൽഹി പോലീസ് അറിയിച്ചു. തിരക്കുള്ള സ്ഥലങ്ങളിലടക്കം ജാഗ്രതയുണ്ട്. ഉത്സവാഘോഷങ്ങൾ വരാനിരിക്കെ സുരക്ഷ കർശനമാക്കാനാണ് നിർദേശം.