ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരുവിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്ന സംഘത്തിനായി തിരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ ഇരുപതു വീടുകളിലാണു മോഷണം നടന്നത്.
ലക്ഷക്കണക്കിനു രൂപയും ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും മോഷണം പോയവയിൽ ഉൾപ്പെടുന്നു. നാലംഗസംഘമാണു മിക്ക വീടുകളിലും എത്തിയത്. പകൽസമയം ബൈക്കിലെത്തി കൊള്ളയടിക്കേണ്ട വീടുകൾ കണ്ടെത്തും. പൂട്ടിക്കിടക്കുന്ന വീടുകളാണ് സംഘം ശ്രദ്ധിക്കുന്നത്.
വീടിന്റെ പരിസരവും ആളുകളുടെ പ്രവർത്തനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കും. തുടർന്ന് മടങ്ങിപ്പോയി പുലർച്ചെ ഒന്നിനുശേഷം സംഘം മുഖംമൂടിയണിഞ്ഞ് കാറിലെത്തിയാണ് മോഷണം നടത്തുന്നത്.
ഇവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആവലഹള്ളി പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.