മുംബൈ: രാജ്യത്തെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന ഖ്യാതി ബംഗളൂരുവിന്. കേന്ദ്ര നഗര വികസന മന്ത്രാലയം തയാറാക്കിയ 2020ലെ ഈസ് ഓഫ് ലിവിംഗ് ഇൻഡെക്സിലാണ് ബംഗളൂരു ഒന്നാമതെത്തിയത്.
10 ലക്ഷത്തിധികം ജനസംഖ്യയുള്ള 49 നഗരങ്ങളെയാണ് ഇതിനായി പരിഗണിച്ചത്. പൂന, അഹമ്മദാബാദ്, ചെന്നൈ എന്നീ നഗരങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ.
ഡൽഹിക്കു പതിമൂന്നാംസ്ഥാനമാണു ലഭിച്ചത്. അതേസമയം 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ള പട്ടികയിൽ സിംല, ഭുവനേശ്വർ, സിൽവാസ എന്നീ നഗരങ്ങളാണു യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. ഈ പട്ടികയിൽ തിരുവനന്തപുരം 21-ാം സ്ഥാനത്തും കൊച്ചി 39-ാം സ്ഥാനത്തുമാണ്.
സത്ന, നംചി, രാംപുർ, മുസാഫർപുർ എന്നീ നഗരങ്ങളാണ് ഈ പട്ടികയിൽ അവസാന സ്ഥാനങ്ങളിലെത്തിയത്.
വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ പശ്ചിമ ബംഗാളിലെ നഗരങ്ങൾ പട്ടികയിൽ പരിഗണിക്കാനായില്ലെന്നു മന്ത്രാലയം അറിയിച്ചു.
ജീവിത നിലവാരം, സാന്പത്തികനില, സുസ്ഥിരത, പൊതുജനാഭിപ്രായം എന്നീ ഘടകങ്ങൾ പരിഗണിച്ചാണു പട്ടിക തയാറാക്കിയത്, ജീവിത നിലവാരത്തിൽ താമസച്ചെലവ്, ശുദ്ധജല ലഭ്യത, അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യപരിചരണ സൗകര്യങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, വിനോദോപാധികൾ തുടങ്ങിയ വിഷയങ്ങളാണു കണക്കിലെടുക്കുന്നത്.
10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ സാന്പത്തിക പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചിക്കു മൂന്നാം സ്ഥാനമുണ്ട്.