ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബിജെപി പ്രവര്ത്തകൻ കസ്റ്റഡിയിലായെന്ന കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ പ്രസ്താവന തള്ളി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സമൂഹമാധ്യമത്തിലൂടെയായിരുന്നു മന്ത്രി പ്രസ്താവന നടത്തിയത്. മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ എൻഐഎ ഉദ്യോഗസ്ഥർ വിശദീകരണവുമായി എത്തുകയായിരുന്നു. സംഭവത്തിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നുമായിരുന്നു എൻഐഎയുടെ പ്രസ്താവന.
ബിജെപി പ്രവർത്തകനായ സായ് പ്രസാദിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെന്നായിരുന്നു പ്രചാരണം നടന്നത്. സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞയാഴ്ച, അബ്ദുൾ മത്തീൻ താഹ, മുസാവിർ ഹുസൈൻ എന്നിവരെ പിടികൂടിയിരുന്നു. ഇവരുടെ വീടുകളിലും ഒരു മൊബൈൽ സ്റ്റോറിലും എൻഐഎ റെയ്ഡ് നടത്തി.
ചോദ്യം ചെയ്യലിൽ, സായി പ്രസാദ് തന്റെ പഴയ ഫോൺ ഒരു മൊബൈൽ ഷോപ്പ് ഉടമയ്ക്ക് വിറ്റെന്നും തുടർന്ന് മുസമ്മിലിന് വിറ്റെന്നും വ്യക്തമായത്രെ. ഇതിന്റെ ചുവടു പിടിച്ചായിരുന്നു ബിജെപിക്കെതിരേ പ്രചാരണം.