കർണാടകയുടെ തലസ്ഥാന നഗരിയായ ബംഗളൂരുവിലെ ലാൽബാഗ്, ചരിത്രമുറങ്ങിക്കിടക്കുന്ന മൈസൂരുവിലെ വൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങളിലെ അപൂർവസസ്യങ്ങളടങ്ങിയ പൂന്തോട്ടങ്ങൾ വിശ്വപ്രസിദ്ധമാണ്. ഇപ്പോൾ കർണാടകയിലെ മറ്റൊരു പൂന്തോട്ടവും ആഗോളപ്രശസ്തി നേടിയിരിക്കുന്നു.
ഇന്ത്യയിലെ തിരക്കേറിയ വിമാനത്താളങ്ങളിലൊന്നായ ബംഗളൂരുവിലെ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലാണ് ആ പൂന്തോട്ടം. പശ്ചിമഘട്ട വനമേഖലയുടെ ദൃശ്യാനുഭവമൊരുക്കി ചുമർ പൂന്തോട്ടം (വെർട്ടിക്കൽ ഗാർഡൻ) ടെർമിനൽ രണ്ടിൽ ഒരുക്കിയിരിക്കുന്നു. ടൈഗർ വിംഗ്സ് എന്ന പേരിൽ 4,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടം 30 അടി ഉയരത്തിലും 160 അടി വീതിയിലുമായി നിലകൊള്ളുന്നു.
80 അടി വീതം വീതിയുള്ള രണ്ടു ഭിത്തികളാണ് പൂന്തോട്ടമായി മാറിയത്. 153 ഇനത്തിലുള്ള 15,000 ചെടികൾ മതിലുകളിൽ പിടിപ്പിച്ചിരിക്കുന്നു. കർണാടകയുടെ പശ്ചിമഘട്ട വനമേഖലയിൽനിന്നു ശേഖരിച്ച ചെടികളാണിത്. ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിലെ സസ്യശാസ്ത്രജ്ഞനായ പാട്രിക് ബ്ലാങ്ക് ആണ് പൂന്തോട്ടത്തിന്റെ ശിൽപ്പി. ബ്ലാങ്കിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയാണിത്.