ബിജോ ജോ തോമസ്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമതാബാനര്‍ജിയെ തളയ്ക്കാന്‍ ആര്‍ക്കു സാധിക്കും? നരേന്ദ്രമോദിയും അമിത്ഷായും ഒരു വശത്ത് അതിനുള്ള സര്‍വതന്ത്രങ്ങളും പയറ്റുന്നു.
മറുഭാഗത്ത് ഒരിക്കലും സന്ധിചേരാത്ത കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ടായി മമതയ്ക്കുനേരെ പടയൊരുക്കത്തിനും. പക്ഷേ, ബംഗാള്‍ കടുവയ്ക്ക് മണികെട്ടാന്‍ ഇവര്‍ക്കു കഴിയുമോയെന്ന് കണ്ടറിയണം.
ബംഗാളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളും അഭിപ്രായ സര്‍വേകളും പറയുന്നതു സത്യമായാല്‍ ഇക്കുറിയും ദീദി തന്നെ വംഗനാടിന്റെ നായികയാകും.
ഓരോ തെരഞ്ഞെടുപ്പിലും നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബിജെപി വര്‍ധിതവീര്യത്തോടെയാണ് കളത്തിലിങ്ങിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ അതിനുള്ള തന്ത്രങ്ങള്‍ അമിത്ഷായുടെ നേതൃത്വത്തില്‍ മെനയുന്നുണ്ട്.
തൃണമൂലിൽ നിന്ന് ഒട്ടേറെ നേതാക്കളെ ബിജെപി അടര്‍ത്തിയെടുത്തു. മമതയുടെ മനോവീര്യം കെടുത്താനുള്ള നടപടികൾ അവര്‍ ആസൂത്രണം ചെയ്തു. പക്ഷേ ഇതുകൊണ്ടൊന്നും ദീദി കുലുങ്ങുന്ന മട്ടില്ല.
കുടുംബപശ്ചാത്തലത്തിന്റെയോ ഗ്ലാമറിന്റെയോ പിന്‍ബലമില്ലാതെ രാഷ്ട്രീയത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ഈ നിലയിലെത്തിയ മമതയുടെ ഏറ്റവും വലിയ ശക്തിയും അതുതന്നെ.
ഇതിനിടെ ശിവസേന മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. പശ്ചിമബംഗാളിൽ മത്സരിക്കുന്നില്ലെന്നും പാർട്ടി പിന്തുണ മമതയ്ക്കാണെന്നും ശിവസേന എംപി സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.
ഗർജനത്തോടെയുള്ള വിജയം ഞങ്ങൾ ആംസിക്കുന്നു. കാരണം ഞങ്ങൾ വിശ്വസിക്കുന്നത് അവരാണ് യഥാർഥ ബംഗാൾ കടുവയെന്നാണെന്നും സഞ്ജയ് ട്വിറ്റിൽ കുറിച്ചു.
മോദിഫാക്ടറിലാണ് ബിജെപിയുടെ പ്രതീക്ഷ. കേന്ദ്രഭരണത്തിന്റെ സ്വാധീനവും മോദിയുടെ പ്രതിഛായയും വഴി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.
മറുവശത്ത് ബദ്ധവൈരികളായ കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ടാകുമ്പോള്‍ ഇതിനെയല്ലാം അതിജീവിക്കാനുള്ള കരുത്ത് മമതയ്ക്കുണ്ടോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മമതയ്ക്ക് അനുകൂലമായ ഘടകങ്ങള്‍ ഇപ്പോഴും ഒട്ടേറെയാണ്. ബംഗാള്‍ രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീന മുഖം മമത തന്നെ. പത്തുവര്‍ഷത്തെ അവരുടെ ഭരണത്തിലൂടെ നേടിയെടുത്ത ഇമേജിന് വലിയ കോട്ടമൊന്നും തട്ടിയിട്ടില്ല.
മാത്രമല്ല ബംഗാള്‍ വികാരം അവര്‍ നന്നായി മുതലെടുക്കുന്നുണ്ട്. ബിജെപി പുറത്തുനിന്നുള്ള പാര്‍ട്ടിയാണെന്നും ബംഗാളിന് ദീദിയാകാന്‍ ഒരേയൊരാള്‍ മാത്രം എന്ന പ്രതിച്ഛായ അവര്‍ സൃഷ്ടിച്ചിട്ടുണ്ട്.
മുസ്ലിം വോട്ടുകളാണ് മമതയുടെ ഒരു വലിയ ശക്തി. ഇത്തവണയും അതില്‍ കാര്യമായ മാറ്റമുണ്ടാകാനിടയില്ലെന്നാണു പാർട്ടിയുടെ പ്രതീക്ഷ. മമതയ്ക്ക് അമിതമായ മുസ്ലിം പ്രീണന നയമാണെന്ന് ബിജെപി കടുത്ത വിമര്‍ശനമുന്നയിക്കുന്നുമുണ്ട്.
സ്ത്രീ വോട്ടര്‍മാരാണ് മമതയെ പിന്തുണയ്ക്കുന്ന മറ്റൊരു വിഭാഗം. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി ഒട്ടേറെ ക്ഷേമ പദ്ധതികളാണ് അവര്‍ കൊണ്ടുവന്നത്.
എന്തായാലും അഭിപ്രായ സര്‍വേകള്‍ മമതയ്ക്ക് അനുകൂലമാണ്. ഐഎഎന്‍എസ്, സി-വോട്ടര്‍ സര്‍വേ പ്രകാരം 156 സീറ്റു വരെ നേടി മമത ഭരണം നിലനിറുത്തമെന്നാണ്. എന്നാല്‍ 2016ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 55 സീറ്റു കുറയും. 90 മുതല്‍ 108 സീറ്റുവരെയാണ് ബിജെപിക്കു പ്രവചിക്കുന്നത്.
കോണ്‍ഗ്രസിനും ഇടതു പക്ഷത്തിനും കൂടി 39 സീറ്റുവരെ ലഭിക്കാം. മറ്റു പല അഭിപ്രായ സര്വേകളുംപ്രവചിക്കുന്നത് ഈ നിലയില്‍ തന്നെയാണ്.
പക്ഷേ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കാറ്റ് എങ്ങോട്ടും മാറി വീശാം. കാരണം ബംഗാൾ കടുവയ്ക്ക് മണി കെട്ടാൻ തക്കം പാർത്തിരിക്കുന്നത് അത്രമേൽ ശക്തരായ എതിരാളികളാണ്.