വിവിധ ലോകരാജ്യങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും നിരവധി രാജ്യങ്ങളാണ് ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്.
എല്ലാ രാജ്യങ്ങളും ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതെങ്കില്‍ നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശ് ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച ബംഗ്ലാദേശ് രാജ്യത്തെ ചുവന്ന തെരുവ് എന്നറിയപ്പെടുന്ന ദൗലത്ത് ദിയ പട്ടണത്തിലാണ് വാക്സിനേഷന് തുടക്കം കുറിച്ചിരിക്കുന്നത്.
ഇവിടെ മാത്രമുള്ളത് രണ്ടായിരത്തില്‍ അധികം ലൈംഗിക തൊഴിലാളികളാണ്. നൂറില്‍ അധികം പേര്‍ക്ക് ഇവിടെ കുത്തിവെയ്പ്പെടുത്തു. വരും ദിവസങ്ങളിലും ഇത് തുടരും.
തൊഴിലാളികളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് കുത്തിവെയ്പ്പ്. ഇന്ത്യയില്‍ നിന്നും സൗജന്യമായി ലഭിച്ചതും വാങ്ങിയതുമായ വാക്സിനാണ് കുത്തിവയ്ക്കുന്നത്.
ഇന്ത്യ ബംഗ്ലാദേശിന് സൗജന്യമായി വാക്സിന്‍ നല്‍കിയത് വാക്സിന്‍ മൈത്രിയുടെ ഭാഗമായാണ്. ഇത് കൂടാതെ മുപ്പത് ദശലക്ഷം വാക്സിനുകള്‍ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശ് വാങ്ങുകയും ചെയ്തു.
രാജ്യത്തെ കോവിഡ് വ്യാപനം കുറയ്ക്കാന്‍ വേണ്ടിയാണ് ലൈംഗിക തൊഴിലാളികള്‍ക്ക് വാക്സിന്‍ നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ദിവസവും ദൗലത്ത് ദിയയില്‍ മാത്രം ആയിരത്തില്‍ അധികം പേരാണ് ലൈംഗിക തൊഴിലാളികളെ തേടി എത്തുന്നത്.
ഏതെങ്കിലും ഒരു തൊഴിലാളിക്ക് രോഗം ബാധിച്ചാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതിനാലാണ് അവര്‍ക്ക് ആദ്യം തന്നെ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചത്.
ബംഗ്ലാദേശില്‍ പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് നിയമപരമായി ലൈംഗിക തൊഴിലെടുക്കാന്‍ അനുവാദമുണ്ട്. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ദൗലത്ത് ദിയയിലുള്‍പ്പെടെയുള്ള വേശ്യാലയങ്ങള്‍ ഒരു മാസത്തോളം അടച്ചിട്ടിരുന്നു.
ഇത് ലൈംഗിക തൊഴിലാളികളുടെ ജീവിതത്തെയാകെ ബാധിച്ചിരുന്നു. വരുമാനം നിലച്ചതോടെ വേശ്യാലയങ്ങള്‍ ഇനി അടച്ചിടേണ്ടെന്നും തൊഴിലാളികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ പറയുന്നു.
ബംഗ്ലാദേശില്‍ എണ്ണായിരത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും അഞ്ചുലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചുവെന്നുമാണ് ഔദ്യോഗിക കണക്ക്.