വീട്ടുജോലിക്കാരിയായ യുവതിയെ വാട്‌സാപ്പ് വഴി വില്പനയ്ക്കു വച്ചു, ദുബായില്‍ ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍, പിടിയിലായത് പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങള്‍

വാട്ട്‌സാപ്പിലൂടെ 5500 ദിര്‍ഹത്തിന് ഇന്തൊനീഷ്യന്‍ വീട്ടുജോലിക്കാരിയെ വില്‍ക്കാന്‍ ശ്രമിച്ച രണ്ട് ബംഗ്ലദേശ് പൗരന്‍മാര്‍ക്ക് ശിക്ഷ. മനുഷ്യക്കടത്തിന് ശ്രമിച്ച 25, 28 വയസ്സുള്ളവര്‍ക്കെതിരെയാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. ഇടപാടുകാരിലേക്ക് യുവതിയെ എത്തിക്കാന്‍ സഹായിച്ച 36, 31 വയസ്സുള്ള മറ്റുരണ്ട് ബംഗ്ലാദേശികള്‍ക്കെതിരെയും കുറ്റമുണ്ട്. പ്രതികളെ ഇവര്‍ സഹായിച്ചുവെന്നാണ് ആരോപണം. ബംഗ്ലദേശ് പൗരന്‍മാര്‍ക്കെതിരെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിനും കേസുണ്ട്. ഇന്തൊനീഷ്യന്‍ വീട്ടുജോലിക്കാരിയെ ഉപയോഗിച്ചായിരുന്നു ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്.

2017 ജനുവരി നാലിനാണ് യുവതി ദുബായില്‍ എത്തിയത്. അബുദാബിയില്‍ ഒരു എമിറാത്തി കുടുംബത്തിന്റെ വീട്ടിലായിരുന്നു ജോലി. എന്നാല്‍ അവിടെയുള്ള ജോലി തൃപ്തികരമല്ലെന്ന് സ്വന്തം നാട്ടുകാരനായ വ്യക്തിയോട് പറഞ്ഞിരുന്നു. ഇയാള്‍ പരിചയപ്പെടുത്തിയ മറ്റൊരു വ്യക്തി 1500 ദിര്‍ഹം ശമ്പളത്തില്‍ മറ്റൊരു ജോലി ശരിപ്പെടുത്താമെന്ന് പറഞ്ഞുവെന്നും 2018 ജനുവരി 20ന് സ്‌പോണ്‍സറുടെ വീട് വിട്ട് വരികയുമായിരുന്നുവെന്ന് സ്ത്രീ പറഞ്ഞു. വൈകിട്ട് മൂന്നു മണിയോടെ ദുബായിലേക്കുള്ള ബസില്‍ കയറി.

അവിടെ വച്ച് ഒരാള്‍ തന്നെ കൂടെ കൂട്ടുകയും ഫ്‌ലാറ്റിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ശരീരംവിറ്റാണ് ജീവിക്കേണ്ടതെന്ന് ഇയാള്‍ പോകുന്ന വഴി പറഞ്ഞു. വേറെ വഴിയില്ലാത്തതിനാല്‍ അത് തിരഞ്ഞെടുക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഒരു മുറിയിലേക്ക് കൊണ്ടു പോവുകയും അവിടെ വച്ച് സ്ഥിരമായി പണം കൈപ്പറ്റി നിരവധി പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്ന് യുവതി സമ്മതിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് ഇവിടെ എത്തിച്ച സ്ത്രീ ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കുമായിരുന്നു.

പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ മറ്റു വീടുകളിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. പ്രതികളില്‍ ഒരാളുടെ കാറില്‍ പോകുമ്പോള്‍ പൊലീസ് വരികയും റെയ്ഡ് നടത്തുകയുമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. പിന്നീടാണ് മനസിലായത് അവര്‍ തന്നെ വാട്‌സാപ്പ് വഴി വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സ്ത്രീ പറഞ്ഞു.

Related posts