തങ്ങളുടെ പൗരന്മാര് നിയമവിരുദ്ധമായി ഇന്ത്യയില് താമസിക്കുന്നുണ്ടെങ്കില് അവരെ തിരിച്ചെടുക്കാന് തയ്യാറെന്ന് അറിയിച്ച് ബംഗ്ലാദേശ്. ഇന്ത്യയില് അനധികൃതമായി താമസിക്കുന്ന തങ്ങളുടെ പൗരന്മാരുടെ ഒരു പട്ടിക തയാറാക്കാന് തങ്ങള് ഇന്ത്യയോട് ആവശ്യപെട്ടിട്ടുണ്ടെന്നും അതനുസരിച്ചുള്ള പൗരന്മാരെ തങ്ങള് രാജ്യത്തേക്ക് തിരികെ എത്തിക്കുമെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുള് മോമന് അറിയിച്ചു. ഞങ്ങളുടെ പൗരന്മാരല്ലാതെ മറ്റാരെങ്കിലും പ്രവേശിച്ചാല് ഞങ്ങള് അവരെ തിരിച്ചയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ദേശീയ പൗരത്വ രജിസ്റ്റര് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്കുകയായിരുന്നു അബ്ദുള് മോമന്. എന്.ആര്.സി പ്രക്രിയ ആഭ്യന്തര കാര്യമാണെന്നും ഇത് ബംഗ്ലാദേശിനെ ബാധിക്കില്ലെന്ന് ഇന്ത്യ ഉറപ്പ് നല്കിയതായും ബംഗ്ലാദേശ്-ഇന്ത്യ ബന്ധത്തെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അത് ബംഗ്ലാദേശിനെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗ്ലാദേശും ഇന്ത്യയും തമ്മില് ‘മധുരതരമായ’തും സാധാരണവുമായ ബന്ധമാണ് നിലനില്ക്കുന്നതെന്നും ഇക്കാര്യങ്ങള് ആ ബന്ധത്തെ ഒരു വിധത്തിലും ബാധിക്കുകയില്ലെന്നും മോമന് പറഞ്ഞു.
വ്യാഴാഴ്ച ഇന്ത്യ സന്ദര്ശിക്കാനായി ഇരുന്ന ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി തിരക്കാണെന്ന കാരണം പറഞ്ഞുകൊണ്ട് അവസാന നിമിഷം യാത്ര മാറ്റി വച്ചിരുന്നു. എന്നാല് പൗരത്വ ഭേദഗതി ബില് പാര്ലമെന്റില് പാസായതിന് ശേഷമാണ് ഇന്ത്യ സന്ദര്ശിക്കാനുള്ള തീരുമാനം മോമന് ഉപേക്ഷിച്ചതെന്ന് അഭ്യൂഹമുണ്ടായിരുന്നു. പൗരത്വ ഭേദഗതി ബില് പാസാക്കിയതിനു പിന്നാലെയാണ് മോമെനും ആഭ്യന്തരമന്ത്രി അസദുസ്സമാന് ഖാനും ഇന്ത്യയിലേക്കുള്ള സന്ദര്ശനം റദ്ദാക്കിയത്.
സുരക്ഷാപ്രശ്നങ്ങള് മുന് നിര്ത്തിയാണ് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയത്. ക്രമസമാധാനം സാധാരണ നിലയിലായ ശേഷം മാത്രമേ ഇനി ഇന്ത്യയിലേക്ക് യാത്രയുള്ളൂ. പൗരത്വ നിയമ ഭേദഗതി ബംഗ്ലാദേശിനെ ബാധിക്കില്ല. അത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ശക്തമാണ്. ഇന്ത്യ ഞങ്ങളുടെ സുഹൃത്ത് തന്നെയാണ്. എങ്കിലും സിഎബി ആശങ്കയുണ്ടാക്കുന്നു. പൗരന്മാരല്ലെന്ന് കണ്ടെത്തുന്നവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് കരുതുന്നില്ലെന്നും മോമന് പറഞ്ഞു.