ജൊഹന്നാസ്ബർഗ്: അണ്ടർ- 19 ലോകകപ്പ് ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ബംഗ്ലാദേശ്. ഡെക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് അണ്ടര്‍-19 ലോകകപ്പ് കിരീടം നേടി. 41-ാം ഓവർ കഴിഞ്ഞപ്പോൾ മഴ പെയ്തു. ഇതോടെ വിജയലക്ഷ്യം 46 ഓവറില്‍ 170 റണ്‍സായി പുനഃര്‍ നിശ്ചയിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ കുട്ടികൾ 47.2 ഓവറിൽ 177 റൺസിന് പുറത്താവുകയായിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ (88) അർധ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. ബാക്കിയാർക്കും കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ല.
121 പന്തിൽ എട്ടു ഫോറും ഒരു സിക്സറും ഉൾപ്പെടുന്നതായിരുന്നു യശസ്വിയുടെ ഇന്നിംഗ്സ്. യശസ്വിയെ കൂടാതെ തിലക് വർമ (38) ദ്രുവ് ജുറൽ (22) എന്നിവർ മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്. ഒരു വിക്കറ്റിന് 103 റൺസ് എന്ന നിലയിൽനിന്നുമാണ് ഇന്ത്യ തകർന്ന് തരിപ്പണമായത്.
മൂന്നു വിക്കറ്റ് വീഴ്ത്തിയ അവിഷേക് ദാസും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ തൻസിം ഹസൻ ഷക്കീബും ഷൊറിഫുൾ ഇസ്ലാമുമാണ് ഇന്ത്യയെ തകർത്തത്. രാക്കിബുൾ ഹസൻ ഒരു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ പർവേസ് ഹുസൈൻ ഇമോൺ (47) റൺസുമായും അക്ബർ അലി 43 റൺസുമായും ബംഗ്ലാ കടുവകളെ കിരീട നേട്ടത്തിലേക്ക് നയിച്ചു. ഈ ലോകകപ്പിൽ ഇതുവരെ ഇരു ടീമുകളും തോൽവി അറിയാതെയാണ് ഫൈനലിന് എത്തിയത്.