വൈക്കം: ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് വനിതയെ പീഡിപ്പിച്ചുവെന്ന കേസിൽ വൈദികൻ കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് പള്ളി വികാരി ഫാ. തോമസ് താന്നിനിൽക്കുംതടത്തിലാണ് വൈക്കം കോടതിയിൽ കീഴടങ്ങിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശ് സ്വദേശനിയായ 42 വയസുകാരി വൈദികനെതിരേ പീഡനക്കുറ്റം ആരോപിച്ച് പരാതി നൽകിയതോടെ പോലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ മാസം ഏഴിനാണ് സുഹൃത്തുമൊത്ത് യുവതി കല്ലറയിലെത്തിയത്. 12ന് മടങ്ങി പോയ യുവതി ഈ മാസം എട്ടിന് വീണ്ടും നാട്ടിൽ എത്തിയെന്നാണ് പറയുന്നത്. കുമരകത്തെ റിസോർട്ടിൽ വച്ച് തന്നെ മുറിക്കകത്താക്കിയ ശേഷം വൈദികൻ മുങ്ങുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ പതിനാറായിരം രൂപയും ഏഴര പവൻ സ്വർണ്ണാഭരണങ്ങളും നഷ്ടപെട്ടതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് യുവതി കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അതേസമയം തന്നെ കുടുക്കിയതാണെന്ന് കാണിച്ചു ഫാ.തോമസും കടുത്തുരുത്തി പോലീസിന് പരാതി നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പരാതി ഉയർന്നതിന് പിന്നാലെ വൈദികനെ വികാരി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായി രൂപത പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. പൗരോഹിത്യ ശുശ്രൂഷയ് ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളോടും പൂർണമായും സഹകരിക്കുമെന്ന് രൂപത നേരത്തെ അറിയിച്ചിരുന്നു.