ചോക്ലേറ്റ് ഇഷ്ടമല്ലാത്ത കുട്ടികള്‍ കുറവാണ്. ഇത്തരത്തില്‍ ചോക്ലേറ്റിനോടുള്ള പ്രിയം മൂലം പതിവായി അനധികൃതമായി ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയിരുന്ന ബംഗ്ലാദേശ് സ്വദേശിയായ കൗമാരക്കാരന് ബിഎസ്എഫിന്റെ പിടിയിലായി.
ബംഗ്ലാദേശിലെ കുമിള ജില്ലക്കാരനായ ഇമാന് ഹുസൈനാണ് പിടിയിലായത്. ഇരു രാജ്യങ്ങളുടെയും രാജ്യാന്തര അതിര്‍ത്തിയായി പരിഗണിക്കുന്ന ഷല്‍ദാ നദിക്കു സമീപമുള്ള ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ഇമാന് ഹുസൈന്.
സ്ഥിരമായി നദി നീന്തിയാണ് ചോക്ലേറ്റ് വാങ്ങാനായി കുട്ടി ഇന്ത്യന്‍ പ്രദേശത്തേക്ക് എത്തുന്നത്. ത്രിപുരയിലെ സിപാഹിജല ജില്ലയിലെ കലംചൗര ഗ്രാമത്തിലേക്കാണ് കുട്ടി സ്ഥിരമായി എത്തുന്നത്.
മുള്ളു വേലിയിലെ വിടവിലൂടെയാണ് കലംചൗര ഗ്രാമത്തിലേക്ക് കടക്കുക. ഇവിടുത്തെ കടയില്‍നിന്നാണ് ചോക്ലേറ്റ് വാങ്ങുന്നത്.
ഇതേവഴിയിലൂടെ തന്നെ തിരിച്ചുപോകുകയും ചെയ്യും. എന്നാല്‍, ഏപ്രില്‍ 13ന് അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടെ ഹുസൈന് ബിഎസ്എഫിന്റെ പിടിയിലാവുകയായിരുന്നു.
ചോക്ലേറ്റ് വാങ്ങാനാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന്ചോദ്യം ചെയ്യലില്‍ കുട്ടി സമ്മതിച്ചതായി ബനോജ് ബിപ്ലബ് ദാസ് പറഞ്ഞു.
ആകെ 100 ബംഗ്ലദേശി ടാക്ക മാത്രമാണ് കണ്ടെടുത്തത്. അനധികൃതമായി ഒന്നും കുട്ടിയുടെ കൈവശം ഇല്ലായിരുന്നു.
രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ പ്രവേശിച്ചതിനാണ് അറസ്റ്റ്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കുട്ടിയെ വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്നും ബിപ്ലബ് ദാസ് പറഞ്ഞു.
എന്നാല്‍, കൗമാരക്കാരന്റെ കുടുംബത്തില്‍നിന്ന് ആരും ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം.
സാധനങ്ങള്‍ വാങ്ങാനും പരിപാടികളില്‍ പങ്കെടുക്കാനുമായി ബംഗ്ലദേശുകാര്‍ പലപ്പോഴും അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് എത്താറുണ്ട്. ഇവരെ മിക്കപ്പോഴും മാനുഷിക പരിഗണനയുടെ പേരില്‍ ബിഎസ്എഫ് വിട്ടയയ്ക്കാറാണ് പതിവ്.