ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അനുസ്മരിപ്പിക്കും വിധം തലശേരിയിലും ബുൾഡോസർ രാജ്. നാനൂറ് വർഷം പഴക്കമുള്ള പഴയ ബംഗ്ല തറവാടും ഏതാനും വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ദുനിയാവ് ഹോട്ടലും തകർത്തു.
പഴയ ബസ്സ്റ്റാൻഡിൽ വില്ലേജ് ഓഫീസിനു സമീപമുള്ള പഴയ ബംഗ്ല തറവാടും ചിറക്കര ടി.സി മുക്കിൽ റെയിൽവേ ഫ്ലൈ ഓവറിനു സമീപമുള്ള ദുനിയാവ് ഹോട്ടലുമാണു കഴിഞ്ഞ ദിവസങ്ങളിൽ അർധരാത്രിയിൽ തകർത്തത്. തലശേരിക്കു പുറത്തു നിന്നുള്ള സംഘം ക്വട്ടേഷൻ എടുത്താണ് ബുൾഡോസർ രാജ് നടപ്പിലാക്കിയതെന്നാണ് സൂചന. രണ്ട് സംഭവങ്ങളിലും പരാതികളുമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
24 മണിക്കൂറും പോലീസ് സാന്നിധ്യമുള്ള നഗരസമധ്യത്തിൽ ബുൾഡോസർരാജ് നടപ്പിലായത് ദുരൂഹത ഉളവാക്കിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് സംഘമാണ് പഴയ ബംഗ്ല തറവാട് തകർക്കലിനു പിന്നിലെന്നാണ് ജനസംസാരം. പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തത്തിൽ ഏതാണ്ട് 10 കോടി രൂപ മുതൽ മുടക്കി സ്ഥാപിച്ച ദുനിയാവ് ഹോട്ടൽ തകർത്തത് കൂടുതൽ ദുരൂഹത ഉളവാക്കിയിട്ടുണ്ട്.
കോടികളുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. അറേബ്യൻ രീതിയിൽ ഭക്ഷണവും വെള്ളച്ചാട്ടവും ലൈവ് ഫിഷ് കൗണ്ടറും ആധുനിക അടുക്കളയും ഉൾപ്പെടെ സജ്ജീകരിച്ച് പ്രവർത്തിച്ചു വന്ന ഹോട്ടലാണ് തകർക്കപ്പെട്ടത്. ജന്മിയും വാടകക്കാരും തമ്മിലുള്ള തർക്കങ്ങളാണു തകർക്കലിനു പിന്നിലുള്ളതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഏതാനും നാളുകളായി ഈ ഹോട്ടൽ അടഞ്ഞുകിടക്കുകയായിരുന്നു. ഹോട്ടലിലെ വാടകക്കാരിൽ മൂന്നു പേർ ഒഴിമുറി നൽകിയതോടെ ബിസിനസ് പങ്കാളികൾ തമ്മിലുള്ള ഭിന്നതയും ഏറെ സൗന്ദര്യത്തോടെ സ്ഥാപിച്ച ഹോട്ടലിന്റെ തകർക്കലിനു കാരണമായതായും ചൂണ്ടിട്ടാക്കാട്ടുന്നു.
വലിയ ആഘോഷങ്ങളോടെയായിരുന്നു ഈ ഹോട്ടൽ ആരംഭിച്ചത്. നവ മാധ്യമങ്ങളിൽ വലിയ പ്രചാരം ലഭിച്ച ദുനിയാവ് രുചി വൈവിധ്യം കൊണ്ടും ശ്രദ്ധ നേടിയിരുന്നു. അറബ് നാടുകളിൽ നിന്നുള്ള ഷെഫുകളും ഈ ഹോട്ടലിൽ സേവനമനുഷ്ഠിച്ചിരുന്നു. തലശേരിയിലെ ഭക്ഷണ പ്രേമികളുടെ ഹൃദയം കീഴടക്കി വരുന്നതിനിടയിലാണ് ഹോട്ടലിന്റെ ഷട്ടർ അടഞ്ഞതും ഹോട്ടൽ തന്നെ ബുൾഡോസർ വിഴുങ്ങിയതും.
ബംഗ്ല തറവാടിന് പഴക്കം 400 വർഷം
തലശേരിയിലെ ആദ്യകാല തറവാട് കെട്ടിടങ്ങളിൽ ഒന്നായ പഴയ ബംഗ്ല തറവാടാണ് തകർക്കപ്പെട്ട വീട്. ഇരു നിലകളിൽ 40 മുറികളുള്ള ഈ വീട് കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.
അവകാശികളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തറവാട് പൊളിച്ചുമാറ്റിയതെന്ന് അവകാശികളിൽ ഒരു വിഭാഗം ആരോപിക്കുന്നത്. 30 ഓളം കുടുംബങ്ങളിലായി നൂറോളം അംഗങ്ങൾ താമസിച്ച ബംഗ്ലയിൽ, അവസാന നാളുകളിൽ ഒരു കുടുംബത്തിൽപെട്ട 15 പേരാണു ശേഷിച്ചിരുന്നുള്ളു.
പല കുടുംബങ്ങളും അവകാശം വാങ്ങി ഒഴിഞ്ഞുപോയതാണെന്ന് കുടുംബനാഥനും തലശേരി നഗരസഭാ കൗൺസിലറുമായ ബംഗ്ല ഷംസുദ്ദീൻ രാഷ്ട്രദീപികയോട് പറഞ്ഞു.
അപകടനിലയിലുള്ള പഴയ കെട്ടിടങ്ങൾ എത്രയും പെട്ടെന്നു പൊളിച്ചു മാറ്റണമെന്ന് സർക്കാരിന്റെയും നഗരസഭയുടെയും നിർദ്ദേശമുണ്ടെന്നും അതും കൂടി പരിഗണിച്ചാണ് തറവാട് കെട്ടിടം പൊളിച്ചു മാറ്റിയതെന്നും ഷംസുദീൻ വ്യക്തമാക്കി. എന്നാൽ, നിയമപരമായ പിൻബലത്തിലാണ് ഇരു കെട്ടിടങ്ങളും തകർത്തതെന്ന വാദവും ഉയരുന്നുണ്ട്.