കോട്ടയം: ഒാണം സീസണിൽ കഴുത്തറപ്പൻ ചാർജുമായി ബംഗളൂരു സർവീസ് ബസുകൾ. ഇരട്ടിയും അതിൽ കൂടുതലും ചാർജാണ് ഓണക്കാലം മുതൽ സ്വകാര്യ സർവീസുകൾ ഈടാക്കിക്കൊണ്ടിരിക്കുന്നത്. സാധാരണ സമയത്ത് 600 മുതൽ 750 രൂപ വരെ വാങ്ങുന്ന കോട്ടയം -ബംഗളൂരു യാത്രയ്ക്ക് ഇപ്പോൾ 1600 രൂപ വരെയാണ് വാങ്ങുന്നത്. നോണ്‍ എസി വിഭാഗത്തിലാണ് ഈ കൊള്ളയടി.
ഇനി എസി വിഭാഗത്തിലാണെങ്കിൽ സാധാരണ ദിവസങ്ങളിൽ 1000 മുതൽ 1200 രൂപവരെയാണ് ചാർജ്. ഇപ്പോൾ വാങ്ങുന്നത് 2300 മുതൽ 2500 രൂപ വരെയാണ്. ഓണത്തിനു തുടങ്ങിയതാണ് കൊള്ളയടി. ഇപ്പോൾ പൂജാ അവധിക്കും ഇതേ കൊള്ള ചാർജാണ് ഈടാക്കുന്നത്.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൊള്ള ചാർജ് വാങ്ങുന്നത് നിയന്ത്രിക്കുമെന്ന പ്രഖ്യാപനം ഉണ്ടായതാണ്.
അന്നത്തെ സർക്കാർ നിർദേശം മറികടന്നാണ് ഇപ്പോൾ സീസണ് സമയത്ത് യാത്രക്കാരെ കൊള്ളയടിക്കുന്നത്. കെഎസ്ആർടിസി എസി സർവീസിന് കോട്ടയം -ബംഗളൂരു യാത്രയ്ക്ക് 1100 രൂപയാണ് ചാർജ്. അതേ സമയം കേരളത്തിൽ നിന്നുള്ള ബംഗളൂരു ട്രെയിനുകൾ ബാനസവാടിയിൽ യാത്ര അവസാനിപ്പിക്കാനുള്ള തീരുമാനം ബസ് സർവീസുകാർക്ക് കൊള്ളയടിക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ബാനസവാടിയിൽ നിന്ന് 40 കിലോമീറ്റർ സഞ്ചരിച്ചാലേ ബംഗളൂരുവിൽ എത്താനാവൂ.
ട്രെയിൻ യാത്രക്കാർ ബാനസവാടിയിൽ ഇറങ്ങി ടാക്സി പിടിക്കുകയോ ബസിനെ ആശ്രയിക്കുകയോ ചെയ്യേണ്ടിവരും. ഈ ബുദ്ധുമുട്ട് ഒഴിവാക്കാനാണ് യാത്രക്കാർ ബസ് സർവീസിനെ ആശ്രയിക്കുക സ്വാഭാവികം. ഇതും മുതലെടുപ്പിനുള്ള വഴിയായി തെരഞ്ഞെടുത്തിരിക്കുകയാണ് ബസുകാർ.