മട്ടന്നൂർ: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാവിന് കണ്ണീർ കുതിർന്ന യാത്രാമൊഴി. മണക്കായിലെ പ്രമീളാലയത്തിൽ പരേതനായ ഞാലി നാണു-ജാനകി ദന്പതികളുടെ മകൻ മള്ളേരി പ്രമോദാണ് (38) ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബംഗളൂരു നഗരത്തിനടുത്തുണ്ടായ അപകടത്തിൽ മരിച്ചത്.
ഇന്നു രാവിലെ നാട്ടിലെത്തിച്ച മൃതദേഹം മണക്കായിലെ നിർമാണത്തിലിരിക്കുന്ന വീട്ടിലും തറവാട് വീട്ടിലും പൊതുദർശനത്തിന് വച്ച ശേഷം വലിയവെളിച്ചം ശ്മശാനത്തിൽ സംസ്കരിച്ചു. വീട് നിർമാണത്തിനായി മാർബിൾ എടുക്കാൻ പോകവെ ഇവർ സഞ്ചരിച്ച സ്കോർപ്പിയോ കാറിൽ ലോറി ഇടിച്ചായിരുന്നു അപകടം.
ബംഗളൂരുവിന്റെയും തമിഴ്നാടിന്റെയും അതിർത്തി സ്ഥലത്തെ സിഗ്നലിൽ കാർ നിർത്തിയപ്പോൾ പിന്നാലെയെത്തിയ ലോറി സ്കോർപ്പിയോ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. പ്രമോദ് കാറിന്റെ പിറകിലായിരുന്നു ഇരുന്നിരുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പ്രമോദിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു. ബഹറിനിലായിരുന്ന പ്രമോദ് വീടുപണി പൂർത്തീകരിക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. ഇന്ന് കുടുംബ സമേതം വിദേശത്തേക്ക് പോകാനിരിക്കെയാണ് പ്രമോദിന്റെ മരണം. ഭാര്യ: രഹന. മക്കൾ: അനുക്ത, ആൻ മിയ. സഹോദരങ്ങൾ: ഉഷ, വിനോദ്, പ്രസിത, പ്രമീള.