ബംഗുളൂരു: വയോധികയെ കൊന്ന് കഷ്ണങ്ങളാക്കി മാലിന്യ വീപ്പയിൽ ഉപേക്ഷിച്ചു. കെ. ആർ. പുരം പോലീസ് സ്റ്റേഷനിൽ നിന്ന് ഏതാനും മീറ്ററുകൾക്കപ്പുറം നിസർഗ ലേ ഔട്ടിലാണ് പ്ലാസ്റ്റിക് ഡ്രമിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിലായി.
കൈയും കാലും ഇല്ലാത്ത നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ടത് സജീവ രാഷ്ട്രീയ പ്രവർത്തകയായ സുശീലാമ്മയാണെന്ന് തിരിച്ചറിഞ്ഞതോടെ അഭ്യൂഹങ്ങളും പരന്നു. മൃതദേഹത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നതിനാൽ ഇതൊരു രാഷ്ട്രീയ കൊലയാണെന്ന സംശയവും ഉയർന്നുവന്നു.
സുശീലാമ്മയ്ക്ക് ഇടയ്ക്കിടെ വീട് വിട്ടുപോകുന്ന സ്വഭാവമുള്ളതിനാൽ ശനിയാഴ്ചവരെ ഇവരെ കാണാതായിട്ടും മക്കൾ കാര്യമായി അന്വേഷിച്ചില്ലായിരുന്നു. ഞാറാഴ്ച പുലർച്ചെ വീപ്പ ചുമന്നു ഒരാൾ പോകുന്ന ദൃശ്യങ്ങൾ സിസിടിവി കാമറാ പരിശോധനയിൽ കണ്ടെത്തി. ഇത് സുശീലാമ്മയുടെ അകന്ന ബന്ധുവായ രമേശ് എന്നയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
സുശീലാമ്മ അടുത്തിടെ സ്ഥലം വിറ്റു പണമാക്കിയിരുന്നു. രമേശ് കടം വീട്ടാനായി ഈ തുക ചോദിച്ചിട്ട് സുശീലാമ്മ നൽകിയില്ല. തുടർന്ന് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആഭരണങ്ങൾ കവരാൻ രമേശ് പദ്ധതിയിട്ടു. എന്നാൽ വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയെങ്കിലും ആഭരണങ്ങൾ കവരാൻ കഴിഞ്ഞില്ല. മുക്കുപണ്ടമാണ് സുശീലാമ്മ അണിഞ്ഞതെന്ന് മനസിലാക്കിയ രമേശ് മൃതദേഹം കൈയും കാലും വെട്ടി വീപ്പയിലാക്കി മാലിന്യ കുപ്പയിൽ ഉപേക്ഷിക്കുകയായിരുന്നു.