ബംഗളൂരു: സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് പെണ്‍വാണിഭ റാക്കറ്റ് നടത്തിവന്ന തുര്‍ക്കിഷ് വനിതയുള്‍പ്പെടെ എട്ടുപേരെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കൂക്ക് ടൗണില്‍ താമസിക്കുന്ന ബിയൊയ്നിസ് സ്വാമി ഗൗഡ (40)യാണ് അറസ്റ്റിലായ തുര്‍ക്കി സ്വദേശിനി.
ഇവരാണു സംഘത്തിലെ മുഖ്യ കണ്ണിയെന്നു പോലീസ് പറഞ്ഞു. ബംഗളൂരു സ്വദേശിയായ വ്യവസായിയെ വിവാഹം ചെയ്ത ഇവര്‍ ഇന്ത്യയിലെത്തിയിട്ട് 15 വര്‍ഷമായി.
പത്ത് വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചു. അതിനുശേഷമാണ് പെണ്‍വാണിഭത്തിലേര്‍പ്പെട്ടു തുടങ്ങിയതെന്നു പോലീസ് പറഞ്ഞു. ഇതിനായി സാമൂഹിക മാധ്യമങ്ങളായ ടെലഗ്രാം, വാട്സാപ്പ് എന്നിവയില്‍ ബംഗളൂരു ഡേറ്റിംഗ് ക്ലബ് എന്ന പേരില്‍ ഗ്രൂപ്പ് ആരംഭിച്ചിരുന്നു.
ഇടപാടുകാരായി സംഘത്തെ സമീപിച്ച് ഒരു ഹോട്ടലിലെത്തിയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വിദേശികളുള്‍പ്പെടെ ഏഴ് സ്ത്രീകളെയും പ്രതികള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ റാക്കറ്റില്‍ കണ്ണികളാണോയെന്നു പോലീസ് അന്വേഷിച്ചുവരികയാണ്.