തൃശൂർ: സ്വകാര്യബസുകളുടെ ചൂഷണം ഒഴിവാക്കുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനും കൂടുതൽ ട്രെയിനുകളും കോച്ചുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ ബോർഡ് ചെയർമാനു കത്തയിച്ചിട്ടുണ്ടെന്നു മന്ത്രി ജി.സുധാകരൻ നിയമസഭയിൽ അറിയിച്ചു.
യാത്രക്കാരെ ചൂഷണത്തിനു വിധേയമാക്കുന്നുവെന്നു ചൂണ്ടിക്കാട്ടി, കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ നൽകിയ പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യബസിലെ ജീവനക്കാർ യാത്രക്കാരെ കൈയേറ്റം ചെയ്ത സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേരളത്തിൽനിന്നും ദിനംതോറും 300 സ്വകാര്യ ബസുകൾ ബംഗളൂരുവിലേക്കു സർവീസ് നടത്തുന്നതായി കണ്ടെത്തി.
ബംഗളൂരുവിലേക്കും കർണാടകയിലെ വിവിധ സ്ഥലങ്ങളിലേക്കുമായി പഠനത്തിനും ജോലിക്കുമായി കേരളത്തിൽനിന്നും ധാരാളം പേർ യാത്ര ചെയ്യുന്നുണ്ട്. ഇത്രയും ഉയർന്ന യാത്രാ ആവശ്യം പരിഹരിക്കുന്നതിന് ഏകദേശം പന്ത്രണ്ടായിരത്തോളം അധിക സീറ്റുകൾ ആവശ്യമാണ്.
ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി കേരള-ബംഗളൂരു സെക്ടറിൽ ദിവസേന രണ്ട് അധിക ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നും നിലവിലെ ട്രെയിനുകളിൽ അധിക ബോഗികൾ ഏർപ്പെടുത്തണമെന്നുമാണ് റെയിൽവേയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാർച്ച് 26ന് റെയിൽവേ ബോർഡിന് കത്തയച്ചിട്ടുണ്ടെന്നു സംസ്ഥാനത്തു റെയിൽവേയുടെ ചുമതലയുള്ള മന്ത്രി സുധാകരൻ വ്യക്തമാക്കി.
എംഎൽഎമാരായ എൻ.ഷംസുദ്ദീൻ, എൻ.എ.നെല്ലിക്കുന്ന്, ആബിദ് ഹുസൈൻ തങ്ങൾ, പി.ഉബൈദുള്ള എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.