പല നാടുകള്‍ക്കും ഒന്നിലധികം പേരുകള്‍ കാണുമല്ലൊ. ചില പേരുകള്‍ ചരിത്രവുമായി ബന്ധപ്പെട്ട് രൂപപ്പെടുന്നതാണല്ലൊ. എന്നാല്‍ അധിനിവേശങ്ങള്‍ നിമിത്തം പല നാടുകള്‍ക്കും സ്വന്തം പേരുകള്‍ നഷ്ടപ്പെടാറുണ്ട്. നൂറ്റാണ്ടുകള്ക്കിപ്പുറമാകും പേര് തിരികെ ലഭിക്കുക.
ചില സ്ഥലങ്ങളുടെ പേര് ഒന്നാണെങ്കിലും മറ്റ് നാട്ടുകാര്‍ക്ക് ഉച്ഛരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെങ്കില്‍ മറ്റൊരു പേരിലും അറിയപ്പെടും. ഇപ്പോഴിതാ തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിന്റെ യഥാര്‍ഥ പേര് ഒരു യുവതി പറയുന്നത് സമൂഹ മാധ്യമങ്ങളില്‍ കൗതുകമാവുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ വിനോദസഞ്ചാരികള്‍ ഉള്ള ഒരു ബസില്‍ ടൂര്‍ ഗൈഡ് ഈ നാടിന്റെ പേര് ഉച്ഛരിക്കുന്നു. “ക്രുംഗ് തേപ് മഹാനഖോന്‍ ആമോന് രത്തനകോസിന്‍ മഹീന്തര അയുതയ മഹാദിലോക് ഫോപ് നൊപ്പരത് രച്ചത്തനി ബുരിറോം ഉദോമ്രത്ചനിവേത് മഹാസതന് ആമോന് പിമാന് അവതന്‍ സതിത് സക്കത്തട്ടിയ വിത്സനുകം പ്രസിത്’ എന്നാണത്രെ ഈ നഗരത്തിന്റെ പേര്.
ഒരു കവിത പോലെയുള്ള പദപ്രയോഗമാണ് ഈ പേരില്‍. അത് അനശ്വര നഗരം, മഹത്തായ നഗരം എന്ന് വിവര്‍ത്തനം ചെയ്യുന്നു. ഒമ്പത് രത്നങ്ങള്‍, രാജാവിന്റെ ഇരിപ്പിടം, രാജകൊട്ടാരങ്ങളുടെ നഗരം, ഇന്ദ്രന്റെ നിര്‍ദേശപ്രകാരം വിശ്വകര്‍മന്‍ സ്ഥാപിച്ച ദേവന്മാരുടെ അവതാരമായ ഭവനം എന്നൊക്കയാണത്രെ ഈ പേരിലടങ്ങിയിട്ടുള്ളത്.
എന്നാൽ മിക്ക തായ്വാന് സ്വദേശികളും “ക്രുംഗ് തേപ് മഹാ നഖോണ്‍’ എന്ന് ചുരുക്കിയാണത്രെ നഗരത്തെ പറയുക. “ബാങ്കോക്കിന്റെ മുഴുവന്‍ പേര് സ്ഥലത്തിന്റെ ഏറ്റവും നീളം കൂടിയ പേരായി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് അംഗീകരിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് വോവി ജെയ്ന്‍ ഡെമെറെ എന്നയാള്‍ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.
വീഡിയോയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. “ജന്മസ്ഥലം പൂരിപ്പിക്കാൻ അവിടുത്തുകാർക്ക് ഒരുപേന മതിയാകില്ല’ എന്നാണൊരാള്‍ കുറിച്ചത്.