കോട്ടയം: നോട്ട് നിരോധനം പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം മുതല്‍ കഷ്ടപ്പെടുന്നവരാണ് ബാങ്ക് ജീവനക്കാര്‍. നോട്ടുകള്‍ നിരോധിച്ചിട്ട് 50 ദിവസങ്ങള്‍ പിന്നിടുമ്പോഴും ബാങ്ക് ജീവനക്കാരുടെ ജോലിഭാരത്തിനു യാതൊരു കുറവുമുണ്ടായിട്ടില്ല.നോട്ടു നിരോധനത്തിന്റെ ആദ്യനാളുകളില്‍ രണ്ടാം ശനിയും ഹര്‍ത്താലും അറിയാതെയാണു ബാങ്ക് ജീവനക്കാര്‍ ജോലി ചെയ്തത്. 11 മണിക്കൂര്‍ വരെ ജീവനക്കാര്‍ ജോലി ചെയ്യേണ്ടതായി വന്നു. വൈകുന്നേരം നാലോടെ കൗണ്ടര്‍ അടച്ചുകഴിഞ്ഞാലും കണക്കു നോക്കി പണം എണ്ണിത്തിട്ടപ്പെടുത്തുമ്പോഴേക്കും രാത്രി ഒമ്പതുകഴിയും. പലരും വീട്ടിലെത്തുമ്പോള്‍ പാതിരയാകും.
ഇതുവരെ ജില്ലയില്‍ ഒട്ടുമിക്ക ബാങ്കുകളിലും ആവശ്യത്തിനു പണം എത്തിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടിനു മുമ്പുണ്ടായിരുന്നതു പോലെ ആവശ്യത്തിനു പണം ബാങ്കില്‍ എത്തിയെങ്കില്‍ മാത്രമേ തങ്ങളുടെ ബുദ്ധിമുട്ടിനു പരിഹാരമുണ്ടാകൂവെന്നാണു ബാങ്ക് ജീവനക്കാര്‍ പറയുന്നത്. നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സമയം പരിധി അവസാനിച്ചതോടെയാണു ബാങ്കുകളിലെ നീണ്ട ക്യു അവസാനിച്ചത്. ബാങ്ക് അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാന്‍ എത്തിയതിനെക്കാള്‍ മൂന്നിരട്ടി ആളുകളാണു നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കില്‍ എത്തിയത്.
കഴിഞ്ഞ രണ്ടാഴ്ചയായിട്ടു ആവശ്യത്തിനു 100, 50 രൂപകളുടെ നോട്ടില്ലാത്തതാണ് ജീവനക്കാരെ പ്രയാസത്തിലാക്കുന്നത്. ബാങ്കുകളില്‍ ആകെയുള്ളത് 2000ത്തിന്റെ പുതിയ നോട്ടുകള്‍ മാത്രമാണ്. ഇതു വാങ്ങാന്‍ ആളുകള്‍ കൂട്ടാക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രാവിലെ മുതല്‍ ക്യൂ നിന്നു തങ്ങള്‍ക്കു മുന്നില്‍ എത്തുന്നവരോട് ചില്ലറയില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. 2000 രൂപയുടെ നോട്ടു കിട്ടിയതുകൊണ്ട് ആളുകള്‍ക്ക് പ്രയോജനവുമില്ല. ആദ്യം വരുന്ന കുറച്ചു പേര്‍ക്ക് നല്‍കാനുള്ള നോട്ടുകള്‍ മാത്രമാണു മിക്കദിവസങ്ങളിലും ബാങ്കിലുണ്ടാകാറുള്ളു.
ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്ന തുകയായ 24,000 ചില സാഹചര്യങ്ങളില്‍ ഇടപാടുകാര്‍ക്കു നല്കാന് കഴിയാതെ വന്നിട്ടുണ്ട്. ഇവര്‍ക്കു പിറ്റേ ദിവസത്തേക്കു ടോക്കണ്‍ നല്‍കിയാണ് പണം നല്‍കുന്നത്.
ബാങ്കിലെത്തുന്ന ആളുകള്‍ ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുന്നതും പതിവാണ്. എടിഎമ്മുകളില്‍ നിറയ്ക്കാനുള്ള പണവും ബാങ്കുകാരുടെ കൈവശമില്ല. അല്‍പ്പം പോലും മുഷിയാത്ത നോട്ടുകള്‍ മാത്രമാണ് എടിഎമ്മുകളില്‍ നിക്ഷേപിക്കാനാകുക. മുഷിഞ്ഞ നോട്ടുകള്‍ മെഷീന് റിജക്ട് ചെയ്യുന്നതിനാല്‍ എടിഎമ്മുകള്‍ അടച്ചിടുകയാണ്.
ബാങ്കുകള്‍ നേരിട്ടു പണം നിറയ്ക്കുന്ന എടിഎമ്മുകളില്‍ മാത്രമാണു 50 ദിവസം പിന്നിടുമ്പോഴും സുഗമമായി പണം ലഭിക്കുന്നത്. മറ്റ് എടിഎമ്മുകളില്‍ മിക്കപ്പോഴും പണം ലഭിക്കുന്നില്ല. കൂടുതല്‍ സമയവും അവധി ദിവസവും ജോലി ചെയ്തതിന് മിക്ക ബാങ്കുകളും ക്ലറിക്കല്‍ സ്റ്റാഫിന് ഓവര്‍ ടൈം നല്കിയപ്പോള് ഓഫീസര്‍മാര്‍ക്ക് അവധി ദിവസത്തെ ശമ്പളം മാത്രമാണ് നല്‍കിയത്.
നോട്ട് നിരോധിച്ചതിന്റെ പിറ്റേന്നു മുതല്‍ പണം മാറ്റിനല്കുന്നതും ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്കു നിക്ഷേപിക്കുന്നതും ഇടപാടുകാര്‍ക്കും പണം നല്കുന്നതുമല്ലാതെ ഒരു ജോലിയും ബാങ്കുകളില്‍ നടക്കുന്നില്ല. പുതിയ ചെക്ക് ബുക്ക് വാങ്ങാനോ പുതിയ അക്കൗണ്ടുകള്‍ തുടങ്ങാനോ ഡ്രാഫ്റ്റ് എടുക്കാനോ ഒന്നും ജീവനക്കാര്‍ക്കു സമയം കിട്ടുന്നില്ല. ഇത്തരം ആവശ്യങ്ങള്‍ക്കായി എത്തുന്നവരോടു ദിവസങ്ങള്‍ക്കു ശേഷമുള്ള ഡേറ്റ് നല്കി പറഞ്ഞുവിടുകയാണു ജീവനക്കാര്‍ ചെയ്യുന്നത്.