തൃശൂർ: ദേശസാത്കൃത ബാങ്കുകളടക്കം പല പേരുകളിൽ പുതിയ ചാർജുകൾ ഏർപ്പെടുത്തി ഇടപാടുകാരെ ചൂഷണം ചെയ്യുന്നതിനെതിരേ ആറിന് രാജ്യവ്യാപകമായി “ഇടപാട് രഹിതദിനം’ ആചരിക്കും. അഖിലേന്ത്യാതലത്തിൽ രൂപീകരിച്ച ബാങ്ക് ആൻഡ് ഫിനാൻസ് അക്കൗണ്ട് ഹോൾഡേഴ്സ് വെൽഫെയർ അസോസിയേഷനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ ദിവസം ബാങ്ക് ഇടപാടുകൾ പൂർണമായും ഉപേക്ഷിക്കാൻ അസോസിയേഷൻ സംസ്ഥാന ഘടകം ഭാരവാഹികൾ തൃശൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തു.
റിസർവ് ബാങ്കും ബാങ്കിംഗ് ഓംബുഡ്സ്മാനും ഈ വിഷയത്തിൽ ഉണർന്നുപ്രവർത്തിക്കാത്തതും, രാജ്യത്തെ പ്രമുഖ രാഷ്്ട്രീയ കക്ഷികൾ പ്രതികരിക്കാൻ തയാറാകാത്തതുമായ സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നത്. സൂചനാപ്രതിഷേധത്തിൽ ബാങ്ക്, സർക്കാർ സംവിധാനങ്ങളിൽനിന്നും അനുകൂല പ്രതികരണം ഉണ്ടായില്ലെങ്കിൽ 24, 25, 26 തീയതികളിലും ഇടപാടുകൾ ഉപേക്ഷിക്കാൻ അസോസിയേഷൻ ആഹ്വാനം ചെയ്തു.
സമരത്തിനു വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെയും പ്രചാരവും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്.
സമരാഹ്വാനം ജനങ്ങളിലേക്കെത്തിക്കുന്നതിന് അഞ്ചിനു വൈകീട്ട് 4.30 മുതൽ തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്പിൽ പ്രതിഷേധ ധർണയും സംഘടിപ്പിച്ചിട്ടുണ്ട്. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എം. ഷെരീഫ്, ജില്ലാ കോ-ഓർഡിനേറ്റർ ജെയിംസ് മുട്ടിക്കൽ, ഭാരവാഹികളായ തോമസ് ആന്പക്കാടൻ, സി.വി.മുത്തു, കെ.സി. കാർത്തികേയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ബാങ്കിംഗ് ഇടപാടിലെ പോക്കറ്റടി
വിവിധ രീതികളിൽ, പല പേരുകളിൽ, പുതിയതരം ചാർജുകൾ. നമ്മുടെ പണം നമുക്ക് എടുക്കണമെങ്കിൽ ബാങ്കുകൾക്കു കപ്പംനല്കേണ്ട ഗതികേടാണ്. പണംകിട്ടിയാലും ഇല്ലെങ്കിലും സർവീസ് ചാർജ് നല്കണം. കറൻസി ഇടപാടുകൾകുറച്ച് കറൻസി രഹിത “ഡിജിറ്റൽ ഇന്ത്യ’ക്ക് പ്രചാരണം നല്കുന്നതിനിടെയാണ് ബാങ്കിംഗ് മേഖലയിലെ കൊള്ള എന്നതാണ് വൈരുദ്ധ്യം. നോട്ടുനിരോധനത്തിനുശേഷമാണ് പുതിയ സർചാർജുകളും സർവീസ് ടാക്സുകളും ഈടാക്കാൻ ആരംഭിച്ചത്. ബാങ്കിംഗ് ചൂഷണങ്ങളിൽനിന്നും ജനത്തെ സംരക്ഷിക്കേണ്ട റിസർവ് ബാങ്കും ബാങ്കിംഗ് ഓംബുഡ്സ്മാനും വിഷയം കണ്ട മട്ടില്ല. രാഷ്്ട്രീയ കക്ഷികളും മൗനത്തിലാണ്.
സ്വന്തം പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും അധിക ചാർജും സർക്കാരിനു സർവീസ് ടാക്സും നല്കേണ്ടിവരുന്ന ദുഃസ്ഥിതിയാണ്. പണമിടപാടുകളും സർക്കാർ സേവനങ്ങളും സഹായങ്ങളും ബാങ്കുകൾ വഴിയാക്കണമെന്ന് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്യുന്പോഴാണ് ഓരോ ഇടപാടും ജനത്തിന്റെ പോക്കറ്റ് ചോർത്തുന്നത്.
കൊള്ളയുടെ പുതിയ രീതികൾ:
1. ബാങ്കുകൾ രാജ്യത്തെ ഗ്രാമം, പട്ടണം, നഗരം എന്നിങ്ങനെ വിഭജിച്ച് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് തുക നിശ്ചയിച്ചിരിക്കുകയാണ്.
2. മിനിമം ബാലൻസ് ഇല്ലാത്തവരിൽനിന്നും 200 രൂപയും മറ്റ് അധിക ടാക്സുകളും ഇന്നുമുതൽ ഈടാക്കും.
3. ഓരോ മാസവും ബാങ്കുകളിൽ മൂന്നുതവണയിൽ കൂടുതൽ പണം നേരിട്ട് നിക്ഷേപിച്ചാൽ സർവീസ് ചാർജ് ഈടാക്കും.
4. എടിഎം മാസത്തിൽ മൂന്നുതവണയിൽ കൂടുതൽ ഉപയോഗിച്ചാൽ സർവീസ് ചാർജും ടാക്സും ഈടാക്കും.
5. എസ്എംഎസ് ചാർജും ഇടപാടുകാർ നല്കണം.