അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ കോര്‍പറേറ്റ് ബാങ്കുകളുടെ തീവെട്ടി കൊള്ള തുടര്‍കഥയാകുന്നു. മിനിമം ബാലന്‍സ് 1000 രൂപ വേണമെന്നാണ് ബാങ്കുകളുടെ നിലപാട്. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകളുടെ പക്കല്‍ നിന്നും പിഴയായ സാധാരണ ചെറിയ തുകയാണ് ഈടാക്കിയിരുന്നത് എന്നാല്‍ അടൂര്‍ ഐഡിബിഐ ബാങ്ക് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ 1900 രൂപ പിഴ അടയ്ക്കണമെന്നാണ് അക്കൗണ്ട് ഉടമയ്ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. സിപിഐഎം അടൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി പി ബി ഹര്‍ഷകുമാറിനൊടാണ് പിഴ അടയ്ക്കാന്‍ ബാങ്ക് അധിക്യതര്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. സംഭവത്തെകുറിച്ച് ഹര്‍ഷകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ…
ഞാനും എന്റെ ഭാര്യയും ചേര്‍ന്ന് ഐഡിബിഐ ബാങ്കിന്റെ അടൂര്‍ ബ്രാഞ്ചില്‍നിന്ന് 300000 രൂപ കിസാന്‍ ക്രെഡിറ്റ് പദ്ധതിയില്‍പ്പെടുത്തി വായ്പ എടുത്തു. വായ്പ വേണമെങ്കില്‍ ഉപഭോക്താവ് ഒരു എസ്ബി അക്കൗണ്ട് കൂടി ആരംഭിക്കണമെന്ന് പറഞ്ഞതിന്‍ പ്രകാരം 500 രൂപ മുടക്കി ഭാര്യയുടെ പേരില്‍ ഒരു എസ്ബി അക്കൗണ്ട് കൂടി തുടങ്ങി. അന്ന് അവര്‍ പറഞ്ഞു എപ്പോഴും ഈ അക്കൗണ്ടില്‍ മിനിമം 500 രൂപ ഉണ്ടായിരിക്കണം എന്ന്. ആയതിനാല്‍ ആ അക്കൗണ്ടിലെ പൈസയില്‍ ഞങ്ങള്‍ സ്പര്‍ശിക്കാനെ പോയില്ല. ഇക്കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്ന് എന്റെ ഭാര്യയെ വിളിച്ചിട്ട് പറഞ്ഞു നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ മിനിമം 2500 രൂപ ഉണ്ടാകണം. അടിയന്തിരമായി അടക്കണം. അതനുസരിച്ച് ഇന്ന് , അടക്കേണ്ട 2500 രൂപയും വായ്പ തവണ തുകയുമായി ഞാന്‍ ബാങ്കില്‍ ചെന്നു. കൗണ്ടറില്‍ ഇരുന്ന സൗമ്യവദനയായ ജീവനക്കാരിയോട് ഞാന്‍ കാര്യം വിശദീകരിച്ചു. അവര്‍ വളരെ സൗമ്യമായി തന്നെ എന്നോട് പറഞ്ഞു, ‘സര്‍, മിനിമം 2500 രൂപയായി ഉയര്‍ത്തിയ വിവരം ,ഭാര്യയുടെ മൊബൈലില്‍ മെസ്സേ ജ് ചെയ്തിട്ടുണ്ടാകും. ഞാന്‍ പറഞ്ഞു, മിക്ക ദിവസവും ഇവിടെ വരുന്ന എന്നോടെങ്കിലും ,മിനിമം തുകയില്‍ വര്‍ദ്ധനവരുത്തിയ കാര്യം പറയാമായിരുന്നു. അതുണ്ടാവാത്തതിലുള്ള ഖേദം പ്രകടിപ്പിച്ചു കൊണ്ട് ഞാന്‍ തുക അടക്കാന്‍ തയ്യാറായി. അപ്പോഴാണ്, ടി ശ്രീമതി കമ്പ്യൂട്ടറില്‍ പരതി ,ഞെട്ടിക്കുന്ന വര്‍ത്തമാനം എന്നെ അറിയിക്കുന്നത് ‘ഈ വീഴ്ച വരുത്തിയതിന് 1900 രൂപ പിഴയും കൂടി അടച്ചെമതിയാകൂ എന്ന്.
എന്റെ തല്ലാത്ത കുറ്റത്തിന് പിഴ അടക്കില്ല എന്ന് ഞാന്‍ നിലപാടെടുത്തു.വളരെ മര്യാദയോടെ ഉപഭോക്താക്കളുമായി ഇടപാട് നടത്തുന്ന ജീവനക്കാരല്ല, കുറ്റക്കാര്‍ എന്നെ നിക്കറിയാമെങ്കിലും, എനിക്ക് പ്രതിഷേധിക്കാനും പ്രതികരിക്കാനും അവരാണ് പെട്ടെന്നു് എന്റെ മുന്നില്‍ ഉള്ളത് എന്നതുകൊണ്ട് ഞാന്‍ എന്റെ പ്രതിഷേധം തുടര്‍ന്നു. കിസ്സാന്‍ ക്രഡിറ്റിനെ ഒരു അ/ഇ യായി പരിഗണിക്കാമെന്ന ഉപാധിയില്‍ പിന്നെ അവിടുത്തെ മറ്റൊ രു സീനിയര്‍ ജീവനക്കാരന്‍ കൂടി എത്തി എന്റെ പ്രശ്‌നം പരിഹരിച്ചു. പ്രശ്‌നം അതല്ല, കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വായ്പയും പലിശയുമടക്കുന്ന നമ്മള്‍, ബാങ്കിന്റെ പണപ്പെട്ടി നിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാങ്ക് കാര്‍ക്ക് ചെയ്തു കൊടുക്കുന്ന വിടുപണിക്ക്, എന്തിന് വിധേയരാകണം എന്നതാണ്. നരേന്ദ്ര മോഡിയുടെ നോട്ട് നിരോധത്തിന്റെ ബാക്കിപത്രങ്ങളാണീ പിടിച്ചു പറിയും നെറികേടുമൊക്കെ.പണ്ടൊക്കെ പണം നമ്മള്‍ ബാങ്കില്‍ സൂക്ഷിച്ചാല്‍ ബാങ്ക് പലിശയിനത്തില്‍ നമുക്ക് പ്രതിഫലം തരുമായിരുന്നെങ്കില്‍, നരേന്ദ്ര മോഡിയുടെ കുത്തക – കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളുടെ പാലൂട്ടല്‍ കാലത്ത്, പണം നിക്ഷേപിച്ചാല്‍ നമ്മള്‍ പിഴ കൊടുത്തു മുടിയണം. ഒരു ചാനലുകാരനും ചര്‍ച്ചക്കിതൊരു വിഷയമല്ല. ഒരു പത്രത്തിലും ഈയൊരു വാര്‍ത്തക്ക് സ്‌പെയ്‌സുമില്ല.കോര്‍പ്പറേറ്റ് മുതലാളിമാരുടെ പരസ്യ ബലത്തില്‍ അപവാദ വ്യവസായം നടത്തുന്നവര്‍ക്കിതെങ്ങനെ പ്രശ്‌നമായി തോന്നാന്‍.