വാഴക്കുളം: കാർഷിക വായ്പയുടെ പലിശ നിരക്ക് കുറച്ചത് കർഷകർക്ക് ആശ്വാസമായെങ്കിലും പ്രാഥമികതല കാർഷിക സഹകരണ ബാങ്കുകൾക്ക് ഇരുട്ടടിയാകുന്നതായി പരാതി. നബാർഡിൽനിന്ന് കേരള ബാങ്ക് പ്രാഥമിക സഹകരണ സ്ഥാപനങ്ങൾ വഴി കർഷകർക്കു നൽകുന്ന കിസാൻ ക്രഡിറ്റ് വായ്പയുടെ പലിശയാണ് ഏഴിൽ നിന്ന് ആറു ശതമാനമായി പുനർ നിർണയം ചെയ്തിരിക്കുന്നത്.
കേരള ബാങ്ക് പ്രാഥമിക ബാങ്കുകൾക്ക് അഞ്ചര ശതമാനത്തിനു നൽകിയിരുന്ന വായ്പയാണ് ഏഴു ശതമാനത്തിന് നേരത്തേ കർഷകർക്കു നൽകിയിരുന്നത്. ഇപ്പോഴത് അഞ്ചേകാലിനു നൽകി ആറിനു കർഷകർക്കു നൽകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഒന്നര ശതമാനം ലഭിച്ചിരുന്ന മാർജിൻതുക ഇപ്പോൾ പകുതിയായി വെട്ടിച്ചുരുക്കിയതാണ് സംഘങ്ങൾക്കു പ്രശ്നമായിരിക്കുന്നത്. കൃത്യമായ സമയത്ത് വായ്പ തിരിച്ചടച്ചില്ലെങ്കിൽ പലിശ നിരക്ക് ഉയരുമെന്നതിനാൽ വായ്പ എടുത്തയാൾ തിരികെ അടച്ചില്ലെങ്കിലും കേരള ബാങ്കിലേക്ക് പ്രാഥമിക സംഘങ്ങൾ അടയ്ക്കേണ്ട സാഹചര്യമാണ്.
ആറു മാസത്തിലൊരിക്കൽ കേരള ബാങ്ക് കൃത്യമായി പലിശ ഈടാക്കുകയും ചെയ്യും. ആറുമാസം കൂടുമ്പോൾ പലിശ അടയ്ക്കാത്ത വായ്പക്കാരും ഉണ്ടാകും.
വായ്പക്കാരെ കണ്ടെത്തി കൃഷി ഭൂമി തരം തിരിച്ച് അടയാളപ്പെടുത്തി ആൾ ജാമ്യത്തിലും വസ്തു ഈടിലുമുള്ള വായ്പാ പരിധി നിശ്ചയിച്ച് കേരള ബാങ്കിനു സമർപ്പിച്ച് അനുമതി നേടേണ്ട ചുമതല പ്രാഥമിക ബാങ്കുകൾക്കാണ്.യഥാസമയം
വായ്പ വിതരണം ചെയ്ത് കൃത്യമായി സന്ദേശങ്ങൾ കൈമാറി വായ്പത്തുകയും പലിശയും ഈടാക്കേണ്ട ചുമതലയും ഇവർക്കാണ്.കേരള ബാങ്ക് പ്രാഥമിക ബാങ്കുകളുടെ നിക്ഷേപത്തിൽ നിന്ന് കൃത്യമായി തുക ഈടാക്കുന്നതിനാൽ കുടിശിക പ്രശ്നം ഇവരെ ബാധിക്കുന്നില്ലെന്നും സഹകാരികൾ ചൂണ്ടിക്കാണിക്കുന്നു.
ഏതെങ്കിലും കാരണവശാൽ കുടിശിക ആയാൽ ആ ബാധ്യതയും പ്രാഥമിക സംഘങ്ങൾക്കാണ്. ഉയർന്ന പലിശ നിരക്കു നൽകി സ്വന്ത നിലയിൽ സംഭരിക്കുന്ന നിക്ഷേപത്തിൽ നിന്നാണ് കുറഞ്ഞ പലിശയ്ക്കുള്ള ഈ വായ്പ ബാധ്യതയും സംഘത്തിനുണ്ടാകുന്നത്.
കഴിഞ്ഞ ഏപ്രിൽ മുതൽ വിതരണം ചെയ്ത വായ്പകൾക്ക് പലിശ നിരക്ക് പുനർനിർണയം ബാധകമാക്കിക്കൊണ്ടുള്ള കേരള ബാങ്കിന്റെ സർക്കുലർ കഴിഞ്ഞ ദിവസമാണ് പ്രാഥമിക സംഘങ്ങൾക്കു കിട്ടിയത്.