കൊച്ചി: സംസ്ഥാനത്ത് ഇനി ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുക അടുത്ത ബുധനാഴ്ച മാത്രം. രണ്ടു ദിവസത്തെ അവധിയും രണ്ടു ദിവസത്തെ ജീവനക്കാരുടെ പണിമുടക്കിനെയും തുടര്‍ന്നാണു ഇത്രയധികം ദിവസങ്ങളില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങുക. രണ്ടാം ശനിയാഴ്ചയായ ഇന്നും ഞായറാഴ്ചയായ നാളെയും ബാങ്ക് അവധിയാണ്.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം ഉപക്ഷിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ(യുഎഫ്ബിയു) നേതൃത്വത്തിലാണു തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പണിമുടക്കുന്നത്.
അഖിലേന്ത്യ തലത്തില്‍ സംഘടിപ്പിക്കുന്ന പണിമുടക്കില്‍ മുഴുവന്‍ ജീവനക്കാരും പണിമുടക്കുമെന്നാണു ഭാരവാഹികള്‍ വ്യക്തമാക്കുന്നു. പണിമുടക്കിനോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ധര്‍ണകളും റാലികളും നടന്നു.
ജനവിരുദ്ധമായ ബാങ്കിംഗ് പരിഷികാരങ്ങള് ഉപേക്ഷിക്കാന്‍ തയാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുഎഫ്ബിയു സംസ്ഥാന കണ്‍വീനര്‍ സി.ഡി. ജോസണ്‍ പറഞ്ഞു. ശിവരാത്രിയായതിനാല്‍ കഴിഞ്ഞ ദിവസം ബാങ്ക് അവധിയായിരുന്നു.
പണിമുടക്കിന് മുന്നോടിയായി പ്രതിഷേധ മാസ്ക് ധരിച്ചാണ് ഇന്നലെ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. നാലു ദിവസത്തെ അവധിമൂലം എടിഎം സേവനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്.
എന്നാല്‍, മിക്ക എടിഎമ്മുകളിലും പണം നിറയ്ക്കുന്നത് ഏജന്‍സികളാണെന്നും ഇവര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.