ജോണ്സണ് വേങ്ങത്തടം
കോട്ടയം: കേരളത്തിൽ ഉയർന്നു വന്നിരിക്കുന്ന വിവിധ സർവീസ് സഹകരണബാങ്ക് അഴിമതികൾ ദേശീയ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കും.ഭൂരിപക്ഷം ബാങ്കുകളും സിപിഎം ഭരണസമിതി ഭരിക്കുന്നവയാണ്.
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ കേരളത്തിൽ അടുത്തകാലത്തു ഉയർന്നു വന്ന സഹകരണബാങ്കുകളുടെ തട്ടിപ്പുകളും അന്വേഷണപരിധിയിലേക്കു കൊണ്ടുവരാനാണ് നീക്കം. ഇതു സംബന്ധിച്ചു കേന്ദ്രസർക്കാരിന്റെ നിർദേശവും ഇഡിക്കു ലഭിച്ചു കഴിഞ്ഞു.
കരുവന്നൂർ ബാങ്കിനു പിന്നാലെ ഇടുക്കി ചിന്നക്കനാൽ, കൊല്ലം നെടുങ്കോലം, മാവൂർ തുടങ്ങിയ ബാങ്കുകളിൽ ഉയർന്നുവന്ന സാന്പത്തിക ഇടപാടുകളാണ് അന്വേഷണത്തിനു കാരണമാകുന്നത്. ഇടുക്കി ജില്ലയിൽ മാത്രം ആറോളം ബാങ്കുകളിൽ അഴിമതി ആരോപണം ഉയർന്നിട്ടുണ്ട്.
അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാനുള്ള ശ്രമം പല ബാങ്കുകളുടെ കാര്യത്തിൽ നടന്നിട്ടില്ല. സിപിഎം നേതാക്കളുടെ ബന്ധുക്കളാണ് പല ബാങ്കുകളിലും ജോലി ചെയ്യുന്നത്. ഈ ബാങ്കുകളിൽ പലതും കോടികളാണ് സ്വകാര്യവ്യക്തികളിലേക്കും സൊസൈറ്റികളിലേക്കും വായ്പ നല്കിയിരിക്കുന്നത്.
നൂറു കോടിയുടെ സാന്പത്തിക തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും കണ്ടെത്തിയ കരുവന്നൂർ സർവീസ് സഹകരണബാങ്കിന്റെ മറവിൽ നടന്നത് ആയിരം കോടിയുടെ തിരിമറിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പോലീസിൽ നിന്നും ഇഡി കൈപ്പറ്റിയിരുന്നു.
സാന്പത്തിക ക്രമക്കേടിലൂടെ തട്ടിയെടുത്ത പണം എങ്ങനെയാണ് ചെലവഴിച്ചതെന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. വായ്പയ്ക്കായി പണയപ്പെടുത്തിയ ആധാരം വീണ്ടും പണയം വച്ച് കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായി ഇഡിക്കു വിവരം ലഭിച്ചു.
ഈ പണം റിയൽ എസ്റ്റേറ്റ്, റിസോർട്ട് നിർമാണം എന്നിവയ്ക്ക് വിനിയോഗിച്ചതായും ഇഡിക്ക് തെളിവു ലഭിച്ചു.കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽപ്പെടുത്തി കേസെടുക്കാനാണ് ഇഡിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രാഥമിക തെളിവുശേഖരണം പൂർത്തിയായതായാണ് സൂചന.
സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്നത്. ഭരണസമിതികൾ പിരിച്ചു വിട്ടുണ്ടെങ്കിലും കള്ളപ്പണം വെളുപ്പിക്കൽ, പണം തിരിമറി തുടങ്ങിയവയാണ് പ്രധാനമായും ഇഡിയുടെ അന്വേഷണത്തിൽ വരുന്നത്.
കൊല്ലം നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടിൽ സിപിഎം ഭരണസമിതി അംഗങ്ങളെ പാർട്ടി പുറത്താക്കിയെങ്കിലും തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം നടന്നിട്ടില്ല. വിൽപ്പനയ്ക്ക് വച്ചിരുന്ന ഭൂമി സിപിഎം നേതാക്കൾ ഏറ്റെടുത്ത് ബാങ്കിൽനിന്ന് വായ്പയെടുത്തെന്നാണ് പരാതി.
ഇടുക്കിയിലെ ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കിനെതിരേ വ്യാജപട്ടയത്തിൻമേൽ ബാങ്ക് ലോണ് നൽകിയത് അടക്കമുള്ള നിരവധി ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.മാവൂർ സർവീസ് സഹകരണബാങ്ക് കാര്യാട്ട് വളവിൽ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്.
സഹകരണബാങ്കുകളെ കേന്ദ്രനിയമത്തിന്റെ പരിധിയിലേക്കു കൊണ്ടു വരാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ടുപോകുന്പോഴാണ് ഇത്തരം അഴിമതിക്കഥകൾ കേരളത്തിലെ ബാങ്കുകളെ സംബന്ധിച്ചു ഉയരുന്നത്.