കൊച്ചി: വായ്പ അടയ്ക്കാൻ ബാങ്കിലെത്തിയ ഗർഭിണിയായ വീട്ടമ്മയെ ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയതായി പരാതി. നോർത്ത് എസ്ആർഎം റോഡിൽ താമസിക്കുന്ന പി. സ്മിതാമോളാണ് എറണാകുളം എസിപി കെ. ലാൽജിക്കു പാരാതി നൽകിയത്. ജനുവരിയിൽ സ്വകാര്യബാങ്കിന്റെ പാലാരിവട്ടം ശാഖയിൽനിന്നു മൂന്നുവർഷത്തെ കാലാവധിയിൽ വായ്പ എടുത്തു കാർ വാങ്ങിയിരുന്നു.
എന്നാൽ ചില കാരണങ്ങളാൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തവണകൾ മുടങ്ങി. സെപ്റ്റംബറിലെ മാസത്തവണ ബാങ്കിൽ നിക്ഷേപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പണം ഈ ബാങ്കിനു കൈപ്പറ്റാൻ സാധിച്ചില്ല. കാര്യം തിരക്കിയപ്പോൾ നേരിൽ വന്നു പണം നിക്ഷേപിക്കണമെന്നാണു ബാങ്ക് ജീവനക്കാരൻ അറിയിച്ചത്.
ഇതനുസരിച്ച് ബാങ്കിലെത്തിയപ്പോൾ തന്നോടും ഭർത്താവിനോടും ബാങ്ക് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്നു സ്മിത പത്രസമ്മേളനത്തിൽ പറഞ്ഞു. കുടിശിക അടക്കം മൂന്നു മാസത്തെ തുക ഒരുമിച്ചടച്ചില്ലെങ്കിൽ കാർ പിടിച്ചെടുക്കുമെന്നു ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തി.
ഇതേത്തുടർന്ന് കണ്‍സ്യൂമർ കോടതിയിലും മാനസികപീഡനത്തിന് പാലാരിവട്ടം പോലീസ് സ്റ്റേഷനിലും യുവതി പരാതി നൽകി. കേസ് പിൻവലിക്കാതെ പണം സ്വീകരിക്കില്ലെന്ന നിലപാടിലാണ് ഇപ്പോൾ ബാങ്ക് അധികൃതരെന്നും സ്മിത പറഞ്ഞു.