ലക്നോ: അപ്രതീക്ഷിതമായി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് 9900 കോടി രൂപ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ആരായാലും ഞെട്ടിപ്പോകില്ലേ. അത്തരത്തിൽ ഞെട്ടിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലെ ഒരു യുവാവ്.
ഭാനു പ്രകാശ് എന്ന യുവാവിന്റെ അക്കൗണ്ടിലാണ് ഇത്രയും രൂപ അപ്രതീക്ഷിതമായി എത്തിയത്. 9900 കോടി രൂപ അക്കൗണ്ടിൽ ക്രെഡിറ്റായ സന്ദേശം കണ്ട് യുവാവ് ഞെട്ടിപ്പോയി. ഉടൻ തന്നെ യുവാവ് ബാങ്കിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സോഫ്റ്റ്വെയർ പിഴവ് മൂലമാണ് ഭീമമായ തുക യുവാവിന്റെ അക്കൗണ്ടിലേക്ക് എത്തിയതെന്ന് മനസിലായത്.
അക്കൗണ്ടിന്റെ എൻപിഎ സ്റ്റാറ്റസുമായി ബന്ധിപ്പെട്ടുള്ള സോഫ്റ്റ്വെയർ ബഗ് മൂലമാണ് ഈ പിഴവ് വന്നതെന്ന് ബ്രാഞ്ച് മാനേജർ രോഹിത് ഗൗതം പറഞ്ഞു. പ്രശ്നം പരിഹരിക്കാനുളള നടപടിയെടുത്തെന്നും ബാങ്ക് അറിയിച്ചു.