തിരുവല്ല: കാര്‍ഷിക വികസന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരിമറികൾ സംബന്ധിച്ചു നിയമപോരാട്ടം തുടരുമെന്ന് യുഡിഎഫ് നേതാക്കള്‍.
എല്‍ഡിഎഫ് പാനലില്‍ മത്സരിച്ച ഒമ്പതു പേരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച കേസില്‍ ഹൈക്കോടതി അന്തിമവിധി പറയാന്‍ കാത്തിരിക്കുകയാണ്. വ്യാപകമായ തിരിമറി വോട്ടെടുപ്പില്‍ നടന്നതായി യുഡിഎഫ് ആരോപിച്ചു.
കള്ളവോട്ടും അക്രമവും നടത്തി ഭരണം പിടിക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. കാല്‍നൂറ്റാണ്ടായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്കിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും എല്‍ഡിഎഫ് നേടിയിരുന്നു.
സംഘര്‍ഷമുണ്ടാക്കി ജനാധിപത്യ വിശ്വാസികളെ അകറ്റി നിര്‍ത്തിയാണ് വോട്ടെടുപ്പ് നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പില്‍ ആരോപിച്ചു.
സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഇതിനാവശ്യമായ സഹായം ചെയ്തു നല്‍കിയതായും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യ പ്രക്രിയയെ പരിഹാസമാക്കുന്ന നടപടിയാണ് തിരുവല്ല കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് ജോസഫ് എം.പുതുശേരി ആരോപിച്ചു.