നിക്ഷേപങ്ങൾക്ക് ഏറ്റവും സുരക്ഷിതമായി നമ്മള് കരുതുന്നത് ബാങ്കുകളെയാണ്. സാധാരണക്കാരും പണക്കാരും സ്വന്തം സമ്പാദ്യം സൂക്ഷിക്കാന്‍ സമീപിക്കുന്ന ഒരിടം. പക്ഷെ നാള്‍ക്കുനാള്‍ വരുന്ന പ്രധാന തട്ടിപ്പ് വാര്‍ത്തകള്‍ ബാങ്കുകളെ സംബന്ധിച്ചതാണെന്നാണ് ഞെട്ടിക്കുന്നത്. ഒരു ബാങ്ക് മാനേജര്‍ വിചാരിച്ചാല്‍ എന്തും നടക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിലുണ്ടായ തട്ടിപ്പാണ് അതില്‍ ഏറ്റവും അവസാനത്തേത്.
കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നു 17 കോടിയോളം രൂപ തട്ടിയെടുത്തത് ഒരുവര്‍ഷം മുന്‍പാണ്. സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്നും കോര്‍പറേഷന്റെ എട്ട് അക്കൗണ്ടുകളില്‍ നിന്നുമായി 21 കോടിയോളമാണ് തട്ടിയെടുത്തത്. കേസില്‍ പ്രതി കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ സീനിയര്‍ മാനേജറായിരുന്നു. ഒടുവില്‍ ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. നടപടി അവിടെ തീര്‍ന്നു. നഷ്ടപ്പെട്ട പണം കോര്പറേഷന് ബാങ്ക് തിരികെ നല്കി തടിയൂരി.
വടകരയില്‍ നടന്ന സ്വര്‍ണ തട്ടിപ്പ് കേസിലും പ്രതി മാനേജര്‍ തന്നെ. സ്വര്‍ണത്തിന് പകരം മുക്കുപണ്ടം പണയം വച്ചായിരുന്നു 17 കോടിയോളം വരുന്ന സ്വര്‍ണം തട്ടിയത്.സ്ഥലം മാറി എത്തിയ പുതിയ മാനേജരാണ് പഴയ മാനേജരുടെ തട്ടിപ്പ് കണ്ടെത്തിയത് എന്നതാണ് മറ്റൊരു വസ്തുത. ഈ കേസില്‍ ഇനി എന്താകും എന്നുമാത്രമാണ് അറിയാനുള്ളത്.
തട്ടിപ്പുവഴികള്‍ പലവിധം
ബാങ്കിംഗ് നടപടിക്രമങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയും ഓൺലൈൻ ഇടപാടുകളും അവതരിപ്പിക്കുന്നത് തട്ടിപ്പ് പ്രവർത്തനങ്ങളുടെ വ്യാപ്തി കൂടാന്‍ കാരണമായതായാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. 2023-24 കാലഘട്ടത്തില്‍ ബാങ്ക് തട്ടിപ്പുകളില്‍ 8.4 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2024 കഴിയുമ്പോഴക്ക് ഇതില്‍ കൂടുതല്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. നൂതന സാങ്കേതിക വിദ്യ ബാങ്കുകള്‍ അവതരിപ്പിക്കുമ്പോള്‍ അത് പഠിക്കുന്ന മാനേജര്‍മാരും അവര്‍ക്ക് മുകളിലുള്ളവരും തട്ടിപ്പിനായി ഇത് ഉപയോഗപ്പെടുത്തുന്നു എന്നതാണ് യാഥാര്‍ഥ്യം.
മാനേജര്‍മാരെയും മറ്റ് ജീവനക്കാരെയും അടിക്കടി സ്ഥലം മാറ്റിയതുകൊണ്ടുമാത്രം ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയാന്‍ കഴിയില്ലെന്നതാണ് സമീപകാല സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. വ്യാജ അക്കൗണ്ട് തട്ടിപ്പുകളും ആളുകളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതും ഇത് തട്ടിപ്പിനായി ഉപയോഗിക്കുന്നതും കള്ളപ്പണം വെളുപ്പിക്കലുമെല്ലാം നാം നേരത്തെ ബാങ്കിംഗ് മേഖലയില്‍ കണ്ടും കേട്ടുമറിഞ്ഞതാണ്.
മോഷ്ടിച്ച വ്യക്തിവിവരങ്ങൾ ലോൺ ലഭിക്കുന്നതിന് ഉപയോഗിക്കുന്നത് തട്ടിപ്പുകാർ സിസ്റ്റത്തെ വഞ്ചിക്കുന്ന മറ്റൊരു മാർഗമാണ്. യഥാർഥത്തിൽ വിലമതിക്കുന്നതിനേക്കാൾ കൂടുതൽ പണം കടം വാങ്ങാൻ അവർക്ക് ഇതിലൂടെ കഴിയും. ഇതിനെല്ലാം എന്താണ് പ്രതിവിധി എന്ന കാര്യം മാത്രം ഇനിയും അകലെയാണ്.
സിബിഐ വരും
രാജ്യത്തെ മുന്‍നിര ദേശസാല്‍കൃതബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണ തട്ടിപ്പ് കേസ് ഇപ്പോള്‍ സംസ്ഥാനത്താകെ ചര്‍ച്ചയാകുകയാണ്. സ്വകാര്യ ധനകാര്യ സ്ഥാപനം പണയം വച്ച 44 കിലോയിലധികം സ്വര്‍ണത്തില്‍ നിന്നും 24.5 കിലോ സ്വര്‍ണമാണ് ബാങ്കിലെ മുന്‍ മാനേജര്‍ മധ ജയകുമാർ തട്ടിയെടുത്തത്. മുക്കുപണ്ടം പണയം വച്ചായിരുന്നു ഈ തട്ടിപ്പ് അരങ്ങേറിയത്. കോടികളുടെ സ്വര്‍ണത്തട്ടിപ്പു നടന്ന സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള വഴിയാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്. മൂന്നു കോടി രൂപയ്ക്കു മുകളിലുള്ള ബാങ്ക് തട്ടിപ്പുകള്‍ സിബിഐക്ക് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഏഴരക്കോടിയിലധികം തുകയ്ക്കുള്ള തട്ടിപ്പാണെങ്കില്‍ സിബിഐയുടെ പ്രത്യേക ഇക്കണോമിക് ഒഫന്‍സ് വിംഗ് സെല്ലാണ് അന്വേഷിക്കേണ്ടത്. പണയം വച്ച ആഭരണങ്ങള്‍ മാറ്റിയശേഷം പകരം വ്യാജ സ്വർണം വയ്ക്കുകയായിരുന്നു. വ്യാജ സ്വർണം ബാങ്കിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
ബാങ്കിന്റെ ഹെഡ് ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്നടക്കം പോലീസ് വിവരങ്ങൾ തേടിക്കഴിഞ്ഞു. ബാങ്കിലെ മറ്റു ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നു. സ്വർണം നഷ്ടപ്പെട്ടതു സംബന്ധിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനം എസ്പിക്ക് പരാതി നൽകി. സ്വർണ പണയത്തിൽ 40 കോടിയോളം രൂപ സ്വകാര്യ ധനകാര്യ സ്ഥാപനം വായ്പയെടുത്തിട്ടുണ്ട്.
ഓണ്‍ ലൈന്‍ ട്രേഡിംഗ്
പ്രതി മുൻ മാനേജർ മധ ജയകുമാർ പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിംഗിനെന്ന് പൊലീസ് കണ്ടെത്തല്‍. മോഷ്ടിച്ച സ്വർണം ഇയാള്‍ തമിഴ്നാട്ടിലാണ് പണയം വച്ചതെന്നും കണ്ടെത്തി. തമിഴ്നാട്ടിലെ ഒരു ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലായാണ് സ്വര്‍ണം പണയം വെച്ചത്. 26 കിലോ സ്വർണം വിവിധ ഘട്ടങ്ങളിലായാണ് മോഷ്ടിച്ചത്. സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനുമായി ചേർന്നാണ് ഇയാൾ ഓൺലൈൻ ട്രേഡിംഗ് നടത്തിയത്.
ഓൺലൈൻ ട്രേഡിംഗിൽ മധ ജയകുമാറിന്റെ ഭാര്യയും പങ്കാളിയാണ്. ഇൻഷുറൻസ് ജീവനക്കാരനെയും ഭാര്യയെയും ചോദ്യം ചെയ്യും. പ്രതി മധ ജയകുമാറിന് തമിഴ്നാട്ടിൽ ഹോട്ടൽ കെട്ടിടമുണ്ടെന്ന് പോലീസ് കണ്ടെത്തി. പോലീസ്അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ പേരുകേട്ട ബാങ്കില്‍ നടന്ന തട്ടിപ്പില്‍ ബാങ്ക് അധികൃതരും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആര്‍ബിഐ സര്‍ക്കുലര്‍
ബാങ്കുകളിലെ തട്ടിപ്പുകളായി കണക്കാക്കുന്ന ഇടപാടുകളുടെ സമ്പൂര്‍ണ പട്ടിക റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. തട്ടിപ്പ് തടയുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി. നേരത്തെ പല അവസരങ്ങളിലായി ബാങ്കുകള്‍ക്ക് അയച്ച 36 സര്‍ക്കുലറുകള്‍ പരിഷ്കരിച്ചാണ് പുതിയ നിര്‍ദേശം തയാറാക്കിയിരിക്കുന്നത്. പക്ഷെ സമീപകാലത്തായി തട്ടിപ്പ് കൂടുന്നു എന്നു മാത്രം.
ഫണ്ടുകളുടെ ദുരുപയോഗവും ക്രിമിനൽ വിശ്വാസ ലംഘനവും വ്യാജ സ്വർണം പോലുള്ളവയിലൂടെയുള്ള പണം തട്ടൽ, അക്കൗണ്ടുകളിലെ തിരിമറി, വ്യാജ അക്കൗണ്ടുകൾ വഴിയുള്ള ഇടപാട്, ഏതെങ്കിലും വ്യക്തിയെ കബളിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വസ്തുതകൾ മറച്ചുവെച്ച് ആൾമാറാട്ടം നടത്തിയുള്ള വഞ്ചന, തെറ്റായ രേഖകൾ/ഇലക്ട്രോണിക് രേഖകൾ ഉണ്ടാക്കി വഞ്ചന നടത്തുക, ഇലക്ട്രോണിക് റിക്കാർഡ്, മറ്റ് രേഖകള്‍ എന്നിവയിൽ മനഃപൂർവം കൃത്രിമം നടത്തൽ, നശിപ്പിക്കൽ, മാറ്റം വരുത്തൽ, വികലമാക്കൽ , തട്ടിപ്പിന് വേണ്ടിയുള്ള വായ്പാ സൗകര്യങ്ങൾ, വിദേശനാണ്യത്തിലടക്കമുള്ള തട്ടിപ്പ് ഇടപാടുകൾ എന്നിവയെല്ലാമാണ് പുറത്തിറക്കിയ സര്‍ക്കുലറിലുള്ളത്.
അതാത് മാനേജര്‍മാര്‍ക്ക് തട്ടിപ്പ് തടയാനുള്ള നിര്‍ദേശങ്ങള്‍ വേറെയും. എന്നാല്‍ അതൊന്നും പ്രാവര്‍ത്തികമാകുന്നില്ല എന്നതാണ് സമീപകാലത്തായി വ്യക്തമാകുന്നത്.
ഇ. അനീഷ്