എസ്.ആര്.സുധീര്‍കുമാര്‍
കൊല്ലം: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ആദ്യമായി ബാങ്കുകള്‍ക്ക് മൂന്ന് ദിവസത്തെ തുടര്‍ അവധി വരുന്നു. ഇത് ഇടപാടുകാരെ ഏറെ ബുദ്ധിമുട്ടിലാക്കുമെന്ന കാര്യം ഉറപ്പ്. രണ്ടാം ശനി, ഞായര്‍, നബിദിനം (തിങ്കള്‍) എന്നിവയാണ് അവധി ദിവസങ്ങള്‍. ഈ ദിവസങ്ങളില്‍ ദേശസാത്കൃത ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇന്നും നാളെയും ബാങ്കുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന് ജീവനക്കാരും പ്രതീക്ഷിക്കുന്നു.ഇപ്പോള്‍ തന്നെ ബാങ്കുകളില്‍ കറന്‍സി ക്ഷാമം അതിരൂക്ഷമാണ്. 2000 രൂപയുടെ പുതിയ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമം ഇല്ലാത്തത്. 500ന്റെ പുതിയ നോട്ടുകള്‍ ശാഖകള്‍ വഴി ഇതുവരെയും ഇടപാടുകാര്‍ക്ക് വിതരണം ചെയ്തിട്ടില്ല.
100, 50,20,10 രൂപയുടെ പുതിയ നോട്ടുകളും ലഭ്യമല്ല. ചില ബാങ്കുകളില്‍ നിന്ന് ഇവയുടെ മുഷിഞ്ഞ നോട്ടുകള്‍ വിതരണം ചെയ്യുന്നുണ്ട്. പുതിയ 2000 രൂപ നോട്ട് ചില്ലറയാക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഇടപാടുകാരില്‍ നല്ലൊരു പങ്കും മുഷിഞ്ഞ നോട്ടുകള്‍ സ്വീകരിച്ചാണ് മടങ്ങുന്നത്.എടിഎമ്മുകളിലും പുതിയ 2000 രൂപയുടെ നോട്ടുകള്‍ മാത്രമേയുള്ളൂ. 500 രൂപയുടെ പുതിയ നോട്ടുകള്‍ എടിഎമ്മുകളില്‍ ആവശ്യാനുസരണം നിറയ്ക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും അങ്ങിങ്ങ് മാത്രമേ ഇത് ലഭിക്കുന്നുള്ളൂ.മൂന്നുദിവസത്തെ തുടര്‍ അവധി എടിഎം സെന്ററുകളെയും പ്രതികൂലമായി ബാധിക്കും. പ്രതിദിനം 2500 രൂപയാണ് എടിഎം വഴി പിന്‍വലിക്കാവുന്നത്.
ഭൂരിഭാഗം എടിഎമ്മുകളില്‍ നിന്ന് ലഭിക്കുന്നത് പുതിയ രണ്ടായിരം രൂപ മാത്രമാണ്.ബാങ്ക് ശാഖകളോട് ചേര്‍ന്നുള്ള എടിഎം സെന്ററുകളില്‍ നാളെ വൈകുന്നേരം പരമാവധി പണം നിറയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മറ്റ് സെന്ററുകളുടെ കാര്യത്തില്‍ ഇങ്ങനെ ചെയ്യുമെന്ന് ഉറപ്പില്ല.അതേസമയം മൂന്ന് ദിവസത്തെ തുടര്‍ അവധി രണ്ടു ദിവസമായി ചുരുക്കുമോ എന്ന ആശങ്കയും ജീവനക്കാര്‍ക്കുണ്ട്. ഇന്നും നാളെയും ബാങ്കുകളുടെ പ്രവര്‍ത്തന സമയം നീട്ടാനുള്ള സാധ്യതയും അവര്‍ പ്രതീക്ഷിക്കുന്നു.നോട്ട് അസാധുവാക്കലിന് ശേഷമുള്ള ദിവസങ്ങളില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചിരുന്നു. രാത്രി 12വരെ പ്രവര്‍ത്തിച്ച ബാങ്കുകളുമുണ്ട്.അധികസമയം ജോലിചെയ്തതിന്റെ പ്രതിഫലം നാളിതുവരെ ആയിട്ടും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ബാങ്ക് അധികൃതരുടെ ഈ നടപടിയിലും ജീവനക്കാരുടെ പ്രതിഷേധം ശക്തമാണ്.
ജില്ലയിലെ ദേശസാത്കൃത ബാങ്കുകളിലും ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള വന്‍ തുകയുടെ നിക്ഷേപങ്ങളെല്ലാം പരിശോധിച്ച് വരികയാണ്. അസാധുവായ നോട്ടുകള്‍ കൂടുതലായി ജീവനക്കാര്‍ ആര്‍ക്കെങ്കിലും മാറ്റി നല്‍കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.സംശയമുള്ള ശാഖകളിലെ സിസി ടിവി കാമറാ ദൃശ്യങ്ങളും ആദായനികുതി വകുപ്പ് അധികൃതര്‍ വേണ്ടിവന്നാല്‍ പരിശോധിക്കും.ജില്ലയിലെ സഹകരണ ബാങ്കുകളില്‍ ഇപ്പോള്‍ ചെറിയ തോതില്‍ ഇടപാടുകള്‍ നടക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശാനുസരണം സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് ആഴ്ചതോറും 24,000 രൂപ ചില ബാങ്കുകള്‍ നല്കി തുടങ്ങി.
പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി സ്ഥിര നിക്ഷേപങ്ങളും സ്വീകരിക്കുന്നു. സ്ഥിരം നിക്ഷേപങ്ങളില്‍ നിന്ന് തുക സേവിംഗ്സ് അക്കൗണ്ടിലേയ്ക്ക് മാറ്റിയാണ് പണം പിന്‍വലിച്ച് നല്‍കുന്നത്. സഹകരണ ബാങ്കുകളിലും നോട്ടുകള്‍ക്ക് കടുത്ത ക്ഷാമമുണ്ട്. പുതിയ രണ്ടായിരം രൂപ പോലും ആവശ്യത്തിന് ലഭ്യമല്ല. ജില്ലാ ബാങ്കില്‍ നിന്ന് ഇവ ലഭിക്കുന്നതിന് നിയന്ത്രണവുമുണ്ട്.