കോട്ടയം: ഇന്നുമുതൽ തുടർച്ചയായി നാലുനാൾ ബാങ്കിംഗ് ഇടപാടുകൾ തടസപ്പെടും. ഇന്നും നാളെയും ബാങ്ക് അവധിയാണ്. തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ ദേശീയ പണിമുടക്കും.
ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാൽ ഓണ്‍ലൈൻ ഇടപാടുകളേയും ബാധിച്ചേക്കാം.
ബുധൻ, വ്യാഴം പ്രവൃത്തി ദിവസമാണെങ്കിലും സാന്പത്തിക വർഷാന്ത്യ തിരക്കുണ്ടാകും. വെള്ളി വർഷാന്ത്യ കണക്കെടുപ്പിന്റെ അവധിയാണ്. ഇടപാടുകളുണ്ടാകില്ല. ഏപ്രിൽ രണ്ട് പ്രവൃത്തിദിനമാണ്.
ബാങ്ക് ഇടപാടുകൾ നാലുനാൾ തടസപ്പെടുന്പോഴും ഇന്നും നാളെയും ട്രഷറികൾ തുറന്നു പ്രവർത്തിക്കും. പണിമുടക്കിന്റെ സാഹചര്യത്തിലാണ് നാളെയും ട്രഷറി തുറക്കുന്നത്.
അന്നേ ദിവസം സാന്പത്തിക ഇടപാടുകളുണ്ടാകില്ല. പെൻഡിംഗ് ബില്ലുകളും ചെക്കുകളും പാസാക്കി നൽകും. പുതിയ ചെക്കും ബില്ലും സ്വീകരിച്ച് പാസാക്കാം.
ഈ സാന്പത്തിക വർഷത്തിലെ സർക്കാർ ബില്ലുകളുടെ ചെക്കുകളും 30ന് വൈകുന്നേരം അഞ്ചുവരെ ട്രഷറിയിൽ നൽകാം.
ഓണ്‍ലൈനിൽ നൽകുന്ന ബില്ലുകളുടെയും ചെക്കുകളുടെയും പേപ്പർ പകർപ്പ് മാർച്ച് ഒന്‍പതിന് ധനവകുപ്പ് ഇറക്കിയിട്ടുള്ള മാർഗനിർദേശം അനുസരിച്ച് സമർപ്പിക്കണം.
സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കും
കോട്ടയം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾക്കെല്ലാം ഇന്നു പ്രവൃത്തിദിനമാണ്. നാലാം ശനിയിലെ അവധി ദേശീയ പണിമുടക്കിന്റെ സാഹചര്യത്തിൽ ഒഴിവാക്കാൻ സഹകരണ സംഘം രജിസ്ട്രാർ നിർദേശിച്ച പശ്ചാത്തലത്തിലാണ് ഇന്നു പ്രവൃത്തി ദിനം.
ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കാൻ നിർദേശമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഭരണസമിതികൾക്ക്് ഉചിതമായ തീരുമാനമെടുക്കാം.
ബാങ്ക് ജീവനക്കാർ കൂട്ടത്തോടെ വിനോദയാത്രയിൽ
കോട്ടയം: ഇന്നും നാളെയും ബാങ്കുകൾക്ക് അവധിയും തിങ്കളും ചെവ്വായും പണിമുടക്കുമായതോടെ ബാങ്കിലെ ജീവനക്കാർ കൂട്ടത്തോടെ വിനോദയാത്രയിൽ. നീണ്ട ഇടവേളയ്ക്കുശേഷം ഒരുമിച്ച് ഏറെദിവസം അവധി കിട്ടുന്നതാണ് ജീവനക്കാരെ വിനോദ യാത്രയിലേക്ക് തിരിച്ചത്.
കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി ജീവക്കാർ യാതൊരു ഉല്ലാസ പരിപാടിയും നടത്തിയിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ ബാങ്കിംഗ് ജീവനക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
ഉൗട്ടി, മൂന്നാർ, കൊടൈക്കനാൽ, വാൾപാറ, മലയ്ക്കപ്പാറ, വാഗമണ്‍, പാഞ്ചാലിമേട്, കുമരകം, ഇടുക്കി, ആതിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് വിനോദയാത്രകൾ.
ഹൗസ് ബോട്ടുകളിൽ കായൽ സാവരിക്കും നിരവധിപേർ ബുക്ക് ചെയ്തിട്ടുണ്ട്. കടുത്ത ചൂടിൽ നിന്നു ഒരു ആശ്വാസവും ജോലിത്തിരക്കുകളിൽനിന്നും ഒരു മോചനവും തേടിയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.